Sunday 22 June 2014

കുലം കുത്തികള്‍ 


ചക്കളത്തു കാവിലമ്മയുടെ ഭക്തര്‍ അവരുടെ വീടിന്റെ പടി വാതില്‍ക്കല്‍ പതിക്കാറുള്ള പോസ്റ്റര്‍ ഇങ്ങനെ ആണ്. ചക്കളത്തു കാവിലമ്മ ഈ വീടിന്റെ ഐശ്വര്യം. അതുപോലെ ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ കാണാന്‍ സാധ്യതയുള്ള ഒരു പോസ്റ്റര്‍ ഇപ്രകാരം ആയിരിക്കും. പിണറായി വിജയന്‍ യു ഡി എഫിന്റെ ഐശ്വര്യം. ഈ പോസ്റ്ററിന്റെ വിഷയത്തിലേക്ക് വരുന്നതിനു മുന്നേ ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രം ഒന്ന് പരിശോധിക്കാം.

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയും , പ്രധാന പ്രതിപക്ഷം കമ്യൂണിസ്റ്റുപാര്‍ട്ടിയും ആയിരുന്നു.   കോണ്‍ഗ്രസ്സിന് ബദലായി ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരാന്‍ തക്ക ശേഷിയും കമ്യൂണിസ്റ്റുപാര്‍ട്ടിക്കുണ്ടായിരുന്നു. 1951ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 6.33 % വോട്ടുകൾ   നേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 16 സീറ്റുകളും ലഭിച്ചു. 1957 ല്‍  27 സീറ്റുകളും 8.72 % വോട്ടുകളും എന്ന നിലയില്‍ ആയി. 1962ല്‍ 10 %  വോട്ടുകളും  29 എം പി മാരും എന്ന അവസ്ഥയിലേക്ക് വളര്‍ന്നു. 1964ലെ പിളര്‍പ്പിനെത്തുടര്‍ന്ന് രണ്ടു കക്ഷികളായി മാറിയിട്ടും 1970കള്‍ വരെ അവരുടെ ജനപിന്തുണ കൂടി കൂടി വന്നു.  1971ല്‍ സി പി ഐ ക്ക് 23 ഉം  സി പി എമ്മിന് 25 ഉം എം പി മാരുണ്ടായിരുന്നു.

71നു ശേഷം സി പി ഐ  കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടു മാറി. 1977 ല്‍   അവരുടെവോട്ടു %  2.82 ലേക്ക് താഴുകയും ലോക്‌സഭാ സീറ്റുകള്‍ 23ല്‍നിന്ന്  ഏഴായി കുറയുകയും ചെയ്തു. അവര്‍ പ്രധാന പ്രതിപക്ഷമായിരുന്ന ബിഹാര്‍ അസംബ്ലിയില്‍ ഒറ്റയ്ക്ക് ഒരു സീറ്റിലും ജയിക്കാനാവാത്ത അവസ്ഥയിലുമെത്തി. പിന്നീട് നടന്ന  എല്ലാ തിരഞ്ഞെടുപ്പുകളിലും സി പി ഐ യുടെ വോട്ടുകള്‍ കുറഞ്ഞുവന്ന് ഇപ്പോള്‍  ഒരു ലോക്‌സഭാ സീറ്റും ഒരു ശതമാനത്തില്‍  താഴെമാത്രം വോട്ടുകളും ലഭിക്കുന്ന അവസ്ഥയിലേക്കും എത്തി.

സി പി എമ്മിന്റെ വോട്ടുകളും സീറ്റുകളും ക്രമമായ വര്‍ദ്ധിച്ച്  2004ല്‍ 43 സീറ്റും 6% വോട്ടുകളും ആയിരുന്നു.  2009 ല്‍ പക്ഷെ  16 സീറ്റുകളും 5.33%വോട്ടുകളുമായി കുറഞ്ഞു.  2014 ല്‍ അത്  ഒമ്പത് സീറ്റുകളിലും 3.3 % വോട്ടുകളുമായി ചുരുങ്ങിയിരിക്കുന്നു.

 ലോക്‌സഭയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ശക്തിയായി നിലയുറപ്പിച്ചിരുന്ന  സി പി എം  ഇത്തവണ ലോക്‌സഭയില്‍ ഒമ്പതാമത്തെ പാര്‍ട്ടിയായി മാറി.  ആകെ പോള്‍ചെയ്ത വോട്ടിന്റെ 3.3 % സി പി എമ്മിനും ഒരു ശതമാനത്തില്‍ താഴെമാത്രം സി പി ഐ.ക്കും എന്നതാണവസ്ഥ. ഇൻഡ്യൻ  കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദയനീയവും നാണക്കേടുണ്ടാക്കിയതുമായ അവസ്ഥയാണിത്.

ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഉള്ള അംഗീകാരം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ നാല് സംസ്ഥാനങ്ങളില്‍ അംഗീകൃത പാര്‍ട്ടിയായിരിക്കണം. അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നായി കുറഞ്ഞത് ആറുശതമാനം വോട്ടെങ്കിലും ലോക്‌സഭയിലേക്ക് നേടണം.  കണക്കുകള്‍ സൂചിപ്പിക്കുന്നത് സി പി ഐ ക്കും സി പി എമ്മിനും  ദേശീയപ്പാര്‍ട്ടിയാകാനുള്ള അടിസ്ഥാന യോഗ്യത ഇല്ലെന്നാണ്.

എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? 2009 ലെ തെരഞ്ഞെടുപ്പില്‍ പിന്നോട്ടു പോയപ്പോള്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും  അകന്നു എന്നും അവരിലേക്ക് അടുക്കാന്‍ നടപടികള്‍ സ്വീകരിക്കും എന്നുമായിരുന്നു വിശദീകരണം. 2014 ലെ തെരഞ്ഞെടുപ്പു ഫലം ഒരു നടപടിയും സ്വീകരിച്ചില്ല എന്നതിനെ സാധൂകരിക്കുന്നു. മാസം തോറും പോളിറ്റ് ബ്യൂറോയും രണ്ടു മാസത്തിലൊരിക്കല്‍  കേന്ദ്ര കമ്മിറ്റിയും സമ്മേളിച്ച് എന്തു ചെയ്യുകയായിരുന്നു ഇവര്‍? കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി വളരില്ല എന്നു തിരിച്ചറിഞ്ഞ ജയരാജനേപ്പൊലുള്ളവര്‍ ചിക്കന്‍ ഫ്രൈയും കോക കോളയും കൊടിക്കാനും, ലാൻഡ്  റോവറില്‍ സഞ്ചരിക്കാന്‍  തുടങ്ങിയിട്ടും പാര്‍ട്ടി വളരുന്നില്ല. അപ്പോള്‍ പാര്‍ട്ടിയുടെ സമീപനങ്ങളില്‍ കാര്യമായ  എന്തോ തകരാറു സംഭവിച്ചിട്ടുണ്ടെന്നു തീര്‍ച്ച.



തങ്ങളുടെ ജനകീയ അടിത്തറ തകര്‍ന്നുവെന്നും ജനവികാരം മനസ്സിലാക്കാന്‍ കഴിയാതെ പിഴവുപറ്റി എന്നും പതിവു പോലെ രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ നേതാക്കളും മനസിലാക്കിയിട്ടുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും ഈ പാര്‍ട്ടികൾ   നേരിടുന്ന അപചയത്തില്‍ നിന്നും കരകയറാന്‍ ആകില്ല.  ഈ പരാജയത്തിന്റെ പേരില്‍ നേതാക്കളാരും പാപഭാരം പേറേണ്ടതില്ല എന്നുകൂടി   സി പി എം തീരുമാനിച്ചിരിക്കുന്നു. അതി വിചിത്രമാണീ  നിലപാട്. നേതാക്കള്‍ക്കാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലെങ്കില്‍ പിന്നെ പൊതു ജനത്തിനായിരിക്കണമല്ലൊ.

ഈ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ  ഏറ്റവും "തിളക്കമാര്‍ന്ന" പരാജയം പോളിറ്റ് ബ്യൂറൊ അംഗമായ എം എ ബേബിയുടേതാണ്. തിളക്കമാര്‍നത് എന്നു പറയാന്‍  കാരണം ഇത് ചോദിച്ചു വാങ്ങിയ പരാജയം ആണെന്നതുകൊണ്ടാണ്. അതിലേറെ ഇത് പിണറായി വിജയനെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടി കൂടെ ആണ്. പക്ഷെ വിജയന്റെ സ്തുതി പാഠകരൊന്നും അത് സമ്മതിക്കില്ല.  ഒരു സ്തുതി പാഠകന്റെ മനോരാജ്യം ഇതായിരുന്നു



എം എ ബേബി എന്ന എം എല്‍ എ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട അതീവ ഗുരുതരമായ ഒരു രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലായിരുന്നു. ആര്‍ എസ് പിയുടെ എന്‍ കെ പ്രേമ ചന്ദ്രനു സീറ്റു നിഷേധിക്കാന്‍ വേണ്ടി മാത്രമായിരുന്നു ബേബിയെ മത്സരിപ്പിച്ചത്. 2009 ല്‍ വീരേന്ദ്ര കുമാറിനു സീറ്റു നിഷേധിച്ചതും സി പി ഐ യെ അവഹേളിച്ചതും വിജയനായിരുന്നു. അതിന്റെ ഫലം അന്ന് അനുഭവിച്ചു. അതില്‍ നിന്നും പാഠം പഠിക്കാതെ ആ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു.  അവിടെ തീര്‍ന്നില്ല വിജയന്റെ ധാര്‍ഷ്ട്യം. പ്രേമ ചന്ദ്രനെ പരനാറി എന്നു വിളിച്ച് പുറകെ നടന്നാക്ഷേപിച്ചു. എതിരാളികള്‍ പോലും ബഹുമാനത്തോടെ കാണുന്ന പ്രേമ ചന്ദ്രനേപ്പൊലെ ഒരാളെ ഇതുപോലെ ആക്ഷേപിച്ചാല്‍, അത് അപ്പാടെ സ്വീകരിക്കാന്‍ മാത്രം രാഷ്ട്രീയ അന്ധത കേരളത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ആരാണു പരനാറി എന്ന് കൊല്ലത്തെ ജനം മറുപടി പറഞ്ഞു. അത് ഉള്‍ക്കൊള്ളാന്‍ ആകാതെ വീണ്ടും വിജയന്‍ പ്രേമ ചന്ദ്രനെ ചെറ്റ എന്നു വിളിച്ചു. ഇതുപോലെ ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടി പിന്നോട്ടു പോകുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

ആര്‍ എസ് പി കൊടുത്ത അടി വിജയന്റെ മര്‍മ്മത്തു തന്നെ ഏറ്റു എന്നതിന്റെ തെളിവ്, വിജയന്റെ വാക്കുകള്‍ തന്നെയാണ്. കൊള്ളക്കാരും ക്രിമിനലുകളുമൊക്കെ തെരഞ്ഞെടുപ്പില്‍ ജയിക്കാറുണ്ട്. അതുപോലെ ഒരു പരനാറിയും ജയിച്ചു. വിജയിച്ചു എന്ന കാരണത്താല്‍ ഒരു പരനാറി പരനാറി  അല്ലാതാവുകയില്ല. ഏറ്റവും സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതുപോലെ സംസാരിക്കുന്ന ഒരു വ്യക്തിയുടെ അടുത്തുകൂടെ പോകുന്നവനും നാറ്റമുണ്ടാകും.

ബേബിക്ക് പെട്ടെന്ന് ധാര്‍മ്മിക ബോധം ഉണ്ടായതാണീ തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവവികാസം. തോറ്റപ്പോള്‍ ബേബിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുന്നു. തോറ്റതിന്റെ പേരില്‍  കുണ്ടറയിലെ എം എല്‍ എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി. ആ  ആവശ്യം വിജയന്‍ അവഗണിച്ചപ്പോള്‍   പോളിറ്റ് ബ്യൂറോയില്‍ പരാതി പറഞ്ഞു.  നിയമസഭാ സമ്മേളനത്തില്‍നിന്ന്‌ വിട്ടുനിന്നു. സഭയില്‍ ചെല്ലാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ എം എൽ  എ ബോര്‍ഡ്‌ ഉപേക്ഷിച്ച വാഹനത്തില്‍ നിയമസഭയിലെത്തി.  സഭയില്‍ പങ്കെടുത്തിട്ടും ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാതിരുന്നു. ജയവും തോല്‍വിയും ഒരു പോലെ കാണണമെന്നു പഠിപ്പിക്കുന്ന പാര്‍ട്ടിയുടെ നേതാവാണു ബേബി. സഭയില്‍ നിന്നു വിട്ടു നിന്ന് കണ്ണൂര്‍ ജില്ലയില്‍ ചെന്ന് പ്രസംഗിച്ചപ്പോള്‍ ബേബി പറഞ്ഞത് ഒരാളുടെ സംസാരത്തില്‍ നിന്നും  അയാളുടെ സംസ്കാരം അറിയാന്‍ പറ്റും എന്നാണ്. വിജയനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിതെന്ന് പറയാം.

ഈ പരാജയം ബേബി കൂടെ ചേര്‍ന്ന്പിടിച്ചു വാങ്ങിയതാണ്.  തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍ എസ്‌ പി, എല്‍ ഡിഎഫിന്റെ ഭാഗമായി സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. എല്‍ ഡി എഫില്‍ സീറ്റു ചര്‍ച്ച ആരംഭിക്കുന്നതിനു മുന്നെ ബേബിയെ കൊല്ലത്ത് സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു . പോളിറ്റ് ബ്യൂറോ അംഗമായ ബേബിക്ക് അതിലെ  അപാകത മനസിലായില്ലെങ്കില്‍ ബേബി തോല്‍ക്കേണ്ട വ്യക്തി തന്നെയാണ്.  ആര്‍ എസ് പി അതിനോട് പ്രതികരിച്ചപ്പോള്‍ അവരുമായി ഒരു ചര്‍ച്ചക്കല്ല വിജയനും ബേബിയും ശ്രമിച്ചത്. മറിച്ച് ആര്‍ എസ് പി നേതാക്കളെ അവഹേളിക്കാനാണു ശ്രമിച്ചത്. ആര്‍ എസ് പി മുന്നണി വിട്ടാല്‍ ഒന്നും സംഭവിക്കില്ല എന്നും ആര്‍ എസ് പി വോട്ടര്‍മാര്‍ ഇടതുമുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കും എന്നുമായിരുന്നു  വിജയനും സ്തുതി പാഠകരും പറഞ്ഞു നടന്നത്.  പക്ഷെ അത് കൊല്ലം മണ്‌ഡലത്തില്‍ മാത്രമല്ല അടുത്ത മണ്ഡലങ്ങളായ ആലപ്പുഴയിലും മവേലിക്കരയിലും   പ്രതിഫലനങ്ങള്‍ ഉണ്ടാക്കി. സീറ്റ്‌ നല്‍കില്ലെന്ന്‌, പറഞ്ഞപ്പോഴാണ്‌ ആര്‍ എസ്‌ പി കൊല്ലത്ത്‌ മത്സരിക്കാന്‍ തീരുമാനിച്ചത്‌. ആ ഘട്ടത്തില്‍ പോലും അവരുമായി ചര്‍ച്ചക്ക്  സി പി എം  തയ്യാറായില്ല. പത്തനം തിട്ട സീറ്റു നല്‍കിയിരുന്നെങ്കില്‍ ആര്‍ എസ് പി അത് സ്വീകരിക്കുമായിരുന്നു. ഒരു പക്ഷെ പ്രേമ ചന്ദ്രന്‍ അവിടെ ജയിക്കുകയും ചെയ്തേനെ. പ്രേമചന്ദ്രന്‍ സാധാരണക്കാര്‍ക്ക്‌ എപ്പോഴും സമീപിക്കാവുന്ന വ്യക്‌തിയാണ്‌. പക്ഷെ ബേബിക്ക് ആ ഗുണങ്ങളില്ല. ബേബിക്കെന്നല്ല സി പി എമ്മിലെ ഇന്നത്തെ 90% നേതാക്കള്‍ക്കും അതില്ല.  സാംസ്‌കാരിക നേതാവ്‌, ബുദ്ധിജീവി തുടങ്ങിയ ജാഡകളും കൃത്രിമ പരിവേഷങ്ങളും ബേബിക്ക് വിന ആകുകയാണുണ്ടായത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പല പാര്‍ട്ടികളുടെയും നേതാക്കള്‍ അവരുടെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ ആയിരുന്നു സന്നദ്ധത പ്രകടിപ്പിച്ചത്. പക്ഷെ ബേബി പോളിറ്റ് ബ്യൂറോയില്‍ നിന്നും രാജിവയ്ക്കാനല്ല തീരുമാനിച്ചത്. നിയമസഭാംഗത്വം രാജി വച്ച് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണു തീരുമാനിച്ചതെന്നോര്‍ക്കുക.  ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

കേരളത്തിലും ബംഗാളിലും  സി പി എമ്മിന്റെ  അടിസ്ഥാനവോട്ടുകള്‍  ബിജെ പി യില്‍ എത്തി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബംഗാളിലെ തകര്‍ച്ച ആണു ദയനീയമായത്. 41 ശതമാനത്തില്‍നിന്ന് 29 ശതമാനമായി വോട്ടുകള്‍ അവിടെ കുറഞ്ഞു. ബി ജെ പി വോട്ടുകള്‍ ആനുപാതികമായി കൂടുകയും ചെയ്തു.

കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ ഭൂരിപക്ഷം അംഗങ്ങളും  പിന്തുണക്കാരും അനുഭാവികളും ഹിന്ദുക്കളാണ്.  ആ സത്യം കേരളത്തിലെ പാര്‍ട്ടി മറന്നു പോയി. വിജയൻ  സംസ്ഥാന സെക്രട്ടറി ആയപ്പോളാണീ മറവി പാര്‍ട്ടിയെ ബാധിച്ചത്. മുസ്ലിം ക്രൈസ്തവ വോട്ടുകള്‍ ലഭിക്കാന്‍ വേണ്ടി പലപ്പോഴും പാര്‍ട്ടി ഭൂരിപക്ഷ സമുദായത്തെ മറന്ന്, സി പി എം രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ക്രിസ്ത്യാനികളെയും  മുസ്ലിങ്ങളെയും  സ്ഥാനാര്‍ത്ഥികളാക്കാറുണ്ട്. ഇതിനെതിരെ നിലപാടെടുക്കുന്ന വി എസ് അച്യുതാനന്ദനെ മൃദു ഹിന്ദുത്വയെ പാര്‍ട്ടിയിലേക്ക് വലിച്ചു കൊണ്ടു വന്നയാളെന്നാണു വിശേഷിപ്പിക്കാറുള്ളത്. പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണക്കാര്‍ക്ക് വേണ്ടി  വാദിച്ചാല്‍ അതിനെ മൃദുഹിന്ദുത്വയുടെ വക്താവെന്നു പറയുന്ന ബുദ്ധി ജീവികളാണ്, പാര്‍ട്ടിയെ പിന്നോട്ടടിക്കുന്നവര്‍.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായോ കമ്യൂണിസ്റ്റുപാര്‍ട്ടികളുമായോ യാതൊരു തരത്തിലും ബന്ധമില്ലാത്ത കുറച്ചു പേരെ  സ്ഥാനാര്‍ത്ഥികളാക്കി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇടുക്കിയിലും ചാലക്കുടിയിലും പൊന്നാനിയിയിലും അതാണു നടന്നത്. ഇതിനു വിജയനൊക്കെ പറഞ്ഞ ന്യായീകരണം പാര്‍ട്ടി പണ്ടു മുതലേ സ്വതന്ത്രരെ അടവു നയത്തിന്റെ ഭാഗമായി ഇതുപോലെ സ്ഥാനാര്‍ത്ഥികളാക്കാറുണ്ട് എന്നായിരുന്നു. ഉദാഹരണമായി എ ആര്‍ മേനോൻ , വി ആര്‍ കൃഷ്ണ അയ്യര്‍, ജോസഫ് മുണ്ടശ്ശേരി എന്നീ പേരുകളാണ്, ഇവര്‍ എടുത്തു പറയുന്നത്. ജോസഫ് മുണ്ടശ്ശേരിയുടെ തലത്തിലേക്ക് ഇന്നസന്റ് എന്ന കോമാളിയെ ഉയര്‍ത്തുന്നവരുടെ തല പരിശോധിക്കേണ്ടതാണ്.

ഇടതു പക്ഷ ചിന്താഗതിക്കാരനും ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്ന വ്യക്തിയുമായിരുന്ന തിലകന്‍ എന്ന അതുല്യ പ്രതിഭക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കൂട്ടു നിന്ന അധമനാണ്, ഇന്നസന്റ് എന്ന നടന്‍. ഇദ്ദേഹത്തിനു ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടി സി പി എം ഇദ്ദേഹത്തിന്റെ പിന്നാലെ പോയി. പി സി ചാക്കോ എന്ന പരിചയസമ്പന്നനായ പാര്‍ലമെന്റേറിയനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നസന്റ് ഒന്നുമല്ല. കോണ്‍ഗ്രസിലെ പടല പിണക്കത്തിന്റെ ഫലമായി പി സി ചാക്കോ തോല്‍ക്കുകയും ഇന്നസന്റ് ജയിക്കുകയും ചെയ്തു എന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമില്ല.

മോദി എന്ന തീവ്ര ഹിന്ദു ബി ജെ പിയെ നയിക്കുന്ന അവസ്ഥയില്‍ ഇതുപോലെ ഭൂരിപക്ഷ സമുദായത്തെ അവഗണിച്ചത് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ട്. തിരുക്കൊച്ചി പ്രദേശത്തെ മൂന്നു മണ്ഢലങ്ങളില്‍ മാത്രമേ ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളൂ. മോദിയെ പേടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫില്‍ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് കേരള നേതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കാതെ പോയി. തീരദേശ മേഘലയിലെ ധീവര സമുദായത്തെ പിണക്കുന്നതരത്തില്‍ അമൃതാനന്ദമയിക്കെതിരെ പുസ്തകം എഴുതിയ, ഗൈല്‍ ട്രെഡ്‌വെലുമായി കൈരളി ചാനലില്‍ അഭിമുഖവും ഉണ്ടായി. ഇതൊക്കെ പാര്‍ട്ടിക്കെതിരെ നിലപാടെടുക്കാന്‍ പല ഹിന്ദുക്കളെയും പ്രേരിപ്പിച്ചു. അതിന്റെ ഫലം കൂടിയാണ്, ഈ മേഘലയിൽ ബി ജെ പിയിലേക്ക് ഇടതുപക്ഷ വോട്ടുകള്‍ പോകാന്‍ കാരണം.

ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉണ്ടാകണമെന്നതാണ്, അഖിലേന്ത്യ തലത്തില്‍ സി പി എമ്മിന്റെ നയം. പക്ഷെ കേരളത്തില്‍ അതിനു കടക വിരുദ്ധമായിട്ടാണ്, വിജയന്റെ നിലപാടുകള്‍. 2009 ല്‍ മദനിയെ സുഖിപ്പിക്കാന്‍ വേണ്ടി സി പി ഐയെ പിണക്കി. വീരേന്ദ്ര കുമാറിന്റെ ജനതാ ദളിനെ പുകച്ചു പുറത്തു ചാടിച്ചു. പി ജെ ജോസഫിന്റെ പാര്‍ട്ടി ഇടതുമുന്നണി വിട്ടുപോകുന്ന അവസ്ഥ ഉണ്ടാക്കി. 2014 ല്‍ ആര്‍ എസ് പിയെ അവഹേളിച്ചു പുറത്താക്കി.

നേതാക്കളുടെ ഭാഷയും ശരീര ഭാഷയും വരെ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ്, നാമിന്ന് ജീവിക്കുന്നത്. എതിരാളികളെ ഏത് നികൃഷ്ട പദമുപയോഗിച്ചും അവഹേളിക്കുന്ന ധാര്‍ഷ്ട്യത്തെ ന്യായീകരിക്കാന്‍ സ്തുതിപാഠകര്‍ ഉണ്ടാകാം. പക്ഷെ അതൊന്നും ഒരു ബഹുസ്വര സമൂഹത്തില്‍ ആശാസ്യമല്ല. സി പി എം വക്താക്കളെന്ന പേരില്‍ ഇപ്പോള്‍ ചാനലുകളില്‍ കാണാറുള്ളത് ഭാസുരേന്ദ്ര ബാബുവും എന്‍ മാധവന്‍ കുട്ടിയുമാണ്. എന്‍ മാധവന്‍ കുട്ടിയുടെ ശരീര ഭാഷയും കോപ്രായങ്ങളും കാണുന്ന നിഷ്പക്ഷരായ  ആരും സി പി എമ്മിനു വോട്ടു ചെയ്യില്ല. ഇവരും മറ്റ് സി പി എം വക്താക്കളും ഒക്കെ പൊതു ജനത്തെ പുച്ഛിക്കുന്നവരും പൊതു ജന വെറും കഴുതകളും തങ്ങളൊക്കെ കേമന്‍മാരും   ആണെന്ന ധാരണയുള്ളവരും ആണ്. വി എസിനെപ്പോലുള്ള നേതാവിനെ പൊതു വേദികളില്‍ പോലും അവഹേളിക്കാന്‍ മടിക്കാത്തവരാണിവരൊക്കെ. അതൊക്കെ വിജയന്റെ അറിവോടെ ആണെന്നതാണിതിലെ ഭയാനകത. ഇതൊക്കെ പൊതു ജനം മറക്കുമെന്നൊക്കെ കരുതുന്നത് മൌഡ്യമാണ്. ജന പക്ഷത്തു നില്‍ക്കുന്ന നേതാക്കളെ അവഹേളിക്കലാണ്, സി പി എം നേതൃത്വത്തിന്റെ പൊതു സ്വഭാവം എന്ന  ഒരു ചിന്ത ഇടതു പക്ഷ മനസുള്ളവരില്‍ കഴിഞ്ഞ കുറേക്കാലം കൊണ്ട് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അധികാരം നഷ്ടപ്പെടാന്‍ ഒരു കാരണം  ഇതായിരുന്നു. മുഖ്യമന്ത്രി ആയാലും വി എസിനെ ഒന്നും ചെയ്യാന്‍ വിജയന്‍ അനുവദിക്കില്ല എന്ന ഒരു ധാരണ പ്രബലമായിരുന്നു. അത് കുറെയേറെ നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തി.

ചെറിയ പാര്‍ട്ടികളാണെങ്കിലും ജോസഫ് ഗ്രൂപ്പും ജനതാദളും  വിട്ടുപോയപ്പോള്‍ ചുരുങ്ങിയത് 15 സീറ്റുകളിലെങ്കിലും  ജയപരാജയങ്ങള്‍ മാറി മറിഞ്ഞു. കേരളത്തിലെ രണ്ടു മുന്നണികളും തമ്മില്‍ ഉള്ള വോട്ടു വ്യത്യാസം വളരെ ചെറുതാണ്. കോട്ടയം എറണാകുളം ജില്ലകളിലെ ഏഴെട്ടു സീറ്റുകളില്‍ യു ഡി എഫ്    ജയിച്ചത്  ജോസഫ് ഗ്രൂപ്പിന്റെ വോട്ടുകള്‍ കാരണമായിരുന്നു. അതുപോലെ കോഴിക്കോട് വയനാട്, പലക്കാട് ജില്ലകളിലും കുറെ സീറ്റുകള്‍ യു ഡി എഫ് നേടിയത് ജനതാദളിന്റെ പിന്‍ബലത്തില്‍ തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കൊല്ലം ആലപ്പുഴ  ജില്ലകളിലെ പല മണ്ഡലങ്ങളിലും  യു ഡി എഫ് വിജയിക്കുന്ന അവസ്ഥ ആര്‍ എസ് പി വിട്ടു പോയ കാരണം  കൊണ്ട് ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.

വിജയന്‍ പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചിരുന്നു. ഏത് കാരണത്താലായാലും കേരളത്തിലെ ഒരു പ്രബല ക്രൈസ്തവ സമൂഹത്തിന്റെ ബിഷപ്പിനെ ആ പദം ഉപയോഗിച്ചു വിളിച്ചാല്‍ എല്ലാവരുമത് സ്വീകരിക്കില്ല എന്നു മനസിലാക്കേണ്ടത് വിജയന്‍ തന്നെയാണ്. പക്ഷെ ധാര്‍ഷ്ട്യം അദ്ദേഹത്തെ അത് മനസിലാക്കിക്കുന്നില്ല. കൂടെയുള്ള സ്തുതിപാഠകര്‍ ആരും അത് മനസിലാക്കിക്കാന്‍ ശ്രമിക്കാറുമില്ല. കസ്തൂരി രംഗന്‍ പ്രശ്നത്തില്‍ കത്തോലിക്കാ സഭ യു ഡി എഫിനെതിരായപ്പോള്‍ അത് മുതലെടുക്കാന്‍ വേണ്ടി  ഇതേ നികൃഷ്ടജീവികളുടെ അരമന കയറാനും വിജയനു മടിയുണ്ടായില്ല എന്നു  കൂടി ഓര്‍ക്കുക. താമരശ്ശേരി ബിഷപ്പിന്റെ സ്വാധീന മേഘലയില്‍ അതൊന്നും പക്ഷെ സി പി എമ്മിനു ഗുണം ചെയ്തില്ല.

പരിസ്തിതി വിഷയത്തില്‍ സി പി എമ്മിനൊരു നയമുണ്ട്. പക്ഷെ കുറച്ചു വോട്ടുകള്‍ ലക്ഷ്യം വച്ച് ആ നയത്തില്‍ വെള്ളം ചേര്‍ക്കുകയാണു പാര്‍ട്ടി ചെയ്തത്. പരിസ്തിതിയെ നശിപ്പിക്കാന്‍ വിവരക്കേടുകൊണ്ട് കൂട്ടു നില്‍ക്കുന്ന ബിഷപ്പുമാരുടെ പക്ഷത്തല്ലായിരുന്നു സി പി എം നിലകൊള്ളേണ്ടത്. പരിസ്തിതിക്കനുകൂലമായി നിലപാടെടുത്ത പി റ്റി തോമസ് എന്ന ക്രിസ്ത്യാനിയുടെ പക്ഷത്തായിരുന്നു സി പി എം നില്‍ക്കേണ്ടി ഇരുന്നത്. പരിസ്തിതി സംരക്ഷണ വിഷയത്തില്‍ സി പി എമ്മിന്റെ നയം ഇപ്പോഴും വ്യക്തമല്ല. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടും സ്വീകാര്യമല്ല എങ്കില്‍ അതിനു ബദലായി എന്താണു മുന്നോട്ടു വയ്ക്കാനുള്ളതെന്നു കൂടെ പറയണം. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിക്ക് അതിനു കഴിഞ്ഞിട്ടില്ല.

തത്വാധിഷ്ടിതമായ അടവു നയങ്ങളാണ്, സി പി എം പോലെയുള്ള ഒരു പാര്‍ട്ടി സ്വീകരിക്കേണ്ടത്. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി തത്വങ്ങളെ കാറ്റില്‍ പറത്തി കൊണ്ടുള്ള നീക്കുപോക്കുകളല്ല.

ഇന്ന്  ഇടതുപക്ഷ മുന്നണി എന്നു പറഞ്ഞാല്‍  സിപിഎമ്മും സിപിഐയും മാത്രമാണു കേരളത്തില്‍. ഇടതുപക്ഷത്തോടൊപ്പം നിന്ന പല കക്ഷികളും ഇടതു പക്ഷത്തെ വിട്ടുപോയി. വിട്ടുപോയവരെ തിരികെ കൊണ്ടു വരാന്‍ അല്ല സി പി എം ശ്രമിക്കുന്നത്. ഉള്ളവരേപ്പോലും  ആട്ടിയോടിക്കാന്‍ ആണ്. സി പി എമ്മിന്റെ മത വിശ്വാസ കാഴ്ച്ചപ്പാടിനോട് യോജിക്കാന്‍ പറ്റാത്തവരായ അനേകം മുസ്ലിങ്ങളും ക്രിസ്ത്യാനികളും  ഉണ്ട്. പക്ഷെ അവര്‍ക്ക് ഇടതു പക്ഷ മനസാണുള്ളതും. അവര്‍ക്കേതായാലും കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ചേരാന്‍ സാധിക്കില്ല. ഈ അവസ്ഥയില്‍  അവരെ ഇടത് ചേരിയില്‍ നിറുത്താന്‍ ഉള്ള ഒരു നീക്കവും ഇടതുമുന്നണിയില്‍ നടക്കുന്നില്ല. പലര്‍ക്കും കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന്  പ്രവര്‍ത്തിക്കാന്‍ ഇന്ന് കേരളത്തില്‍ ഒരു സാഹചര്യമില്ല. കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ അംഗമാകുക എന്നു പറഞ്ഞാല്‍ എളുപ്പമല്ല. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം  എന്നു പറഞ്ഞാല്‍ സി ഐ റ്റിയുക്കാരുടെയും എ ഐ റ്റിയുസിക്കാരുടെയും ആധിപത്യമാണെന്നു ധരിച്ചു വശായിരിക്കുന്ന അനേകരുണ്ട്. അവര്‍ക്ക് ഇടതുപക്ഷം ചേര്‍ന്നു പോകാനുള്ള ഒരു പ്ളാറ്റ് ഫോം ഇന്നില്ല. ഈ തൊഴിലാളി സംഘടനകളുടെ ജന ദ്രോഹ നടപടികളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കും ആകുന്നില്ല. കേരളത്തില്‍ വിജയന്‍ നടപ്പിലാക്കുന്ന ലെനിനിസ്റ്റ് സംഘടന തത്വം അറിയുന്ന ആരും ചെന്ന് സി പി എമ്മില്‍ തല വച്ചു കൊടുക്കുകയുമില്ല. ഇവരേപ്പോലുള്ളവര്‍ക്കും ഇടതു മുന്നണിയില്‍ ഇടം വേണമെങ്കില്‍ മുന്നണിക്ക് കുറച്ചു കൂടെ വിശാല കാഴ്ചപ്പാടുണ്ടാകണം. ഐ എന്‍ എല്‍ എന്ന മുസ്ലിം പാര്‍ട്ടി വര്‍ഷങ്ങളായി ഇടതു മുന്നണിയില്‍  ഇടം തേടി നടക്കുന്നു. പക്ഷെ ഇന്നു വരെ ലഭിച്ചിട്ടില്ല. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം  നിന്ന ജോസഫ് ഗ്രൂപ്പിന്, അര്‍ഹിക്കുന്ന  പരിഗണന കൊടുത്തിരുന്നെങ്കില്‍ അവര്‍ വിട്ടു പോകില്ലായിരുന്നു. അഖിലേന്ത്യ തലത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായ ഫോര്‍വേഡ് ബ്ളോക്കിനു പോലും ഇപ്പോഴും കഞ്ഞി പര്യമ്പുറത്താണെന്നോര്‍ക്കുക. ഇടതു പക്ഷവുമായി യാതൊരു ബന്ധമില്ലാത്തവരും ഇടതു പക്ഷത്തെ നഖ ശിഖാന്തം  എതിര്‍ത്തിരുന്നവരുമായ ഫിലിപ്പോസ് തോമസിനും, അബ്ദു റഹിമാനും, ഇന്നസന്റിനും, ക്രിസ്റ്റി ഫെര്‍ണാണ്ടസിനും വരെ പരവതാനി വിരിക്കുമ്പോഴാണ്, എന്നും ഇടതുപക്ഷത്തോടൊപ്പം  നിന്ന ഇവരെ അവഹേളിക്കുന്നതെന്നു കൂടി ഇതിനോടു  ചേര്‍ത്ത് വായിക്കുക.

ഇടതുപക്ഷ മനസുള്ള  മതേതര ഹിന്ദുക്കളാണ്, കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ പിന്‍ബലം.  അവര്‍ ഉള്ളതുകൊണ്ടാണു് ബിജെപിക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിക്കാത്തത്. ഭൂരിപക്ഷം മതേതര   ഹിന്ദുക്കളെയും പ്രതിനിധീകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി സിപിഎം നിലകൊണ്ടിരുന്നു ഇത്രനാളും. പക്ഷെ സി പി  എം നേതാക്കളുടെ പിടിപ്പു കേടുകൊണ്ട് ആ നില മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആ ധാരണയെ മാറ്റി മറിച്ചു.  അതില്‍ ഇഷ്ടക്കേടുണ്ടായ അനേകം ഹിന്ദുക്കള്‍ ബി ജെ പിയെ പിന്തുണക്കുന്നു.

അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ പരാജയപ്പെട്ടതാണീ അവസ്ഥ ഉണ്ടാക്കി വച്ചത്. സാധാരണ ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന് മനസിലാക്കുന്നതില്‍  ഇവര്‍ പരാജയപ്പെട്ടു. സ്വന്തം  കാല്‍ ചുവട്ടിലെ മണ്ണ്, ഒലിച്ചു പോയി  എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത കാരാട്ടായിരുന്നു, മുലായം സിംഗിനെ പ്രധാന മന്ത്രി ആക്കുമെന്നൊക്കെ വിളിച്ചു കൂവിയത്.

സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ  വിജയരാഘവനും ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പരാജയപ്പെടേണ്ട വ്യക്തി തന്നെയാണദ്ദേഹം. ഈ വീഡിയോയില്‍ ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.



ജനകീയ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തേപ്പോലെ അല്ല ഈ സംസാരം. ഏത് ചുമട്ടു തൊഴിലാളിക്കും ഇതിലും അന്തസായി സംസാരിക്കാനറിയാം.

ഇന്‍ഡ്യയിലെ അടിസ്ഥാന രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ ശേഷിയില്ല ഇദ്ദേഹത്തിനെന്ന് തെളിയിക്കുന്ന ചില പരാമര്‍ശങ്ങളാണു താഴെ.



കോഴിക്കോട്ടുകൂടി തെക്കും വടക്കും  നടന്നപ്പോള്‍ കോഴിക്കോട്ടുകാര്‍ എന്താണു ചിന്തിക്കുന്നതെന്ന് അറിയാന്‍ ഈ മഹാനു കഴിഞ്ഞില്ല. വാള്‍ മാര്‍ട്ടിലെ കാര്യങ്ങള്‍ വരെ കണിശമായും അറിയുന്ന ഈ കമ്മൂണിസ്റ്റിനു പക്ഷെ താന്‍ മത്സരിക്കുന്ന  മണ്ഡലത്തിലെ ജനങ്ങളെ അറിയില്ല.  ഇതുപോലെയുള്ള സ്വപ്ന ലോകത്തെ ബാലഭസ്കരന്‍മാരെ അടിച്ചു പുറത്താക്കി ചാണക വെള്ളം തളിച്ച് കേന്ദ്ര കമ്മിറ്റിയും പോളിറ്റ്  ബ്യൂറോയും ശുദ്ധികരിച്ചാലേ സി പി എം  എന്ന പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാകൂ.

വി എസ ച്യുതാനന്ദന്‍ എന്ന സി പി എമ്മിന്റെ ഏറ്റവും  ജനകീയ മുഖത്തെ താറടിക്കാനും അവഹേളിക്കാനും മുന്നില്‍ നിന്ന രണ്ടു പേരായിരുന്നു എം എ ബേബിയും വിജയരാഘവനും. ബേബി വോട്ടു പിടിക്കാന്‍ അതേ വി എസിന്റെ ചിത്രം വച്ച് പ്രചരണം നടത്തുന്ന നാറിയ കാഴ്ച്ച ഈ ചിത്രം വെളിപ്പെടുത്തുന്നു.

.


ജനങ്ങള്‍ക്ക് സ്വീകാര്യരായ നേതാക്കളെ ഒക്കെ അവഹേളിച്ച് അപ്രസക്തരാക്കി ജനം മുഖം തിരിക്കുന്ന സത്വങ്ങളെ നയിക്കാന്‍ ഏല്‍പ്പിച്ചാല്‍ പരാജയം ഉറപ്പാണ്.  പരാജയമാണെന്നു തെളിയിച്ച നേതാക്കള്‍ മാറിനില്‍ക്കുക തന്നെ വേണം. പ്രകാശിനോ, വിജയനോ, വിജയരാഘവനോ, ജയരാജന്‍മാര്‍ക്കോ ഈ പാര്‍ട്ടിയെ നയിക്കാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടു. അവര്‍ മാറിനില്‍ക്കുകയാണു വേണ്ടത്., ബേബി രാജി വയ്ക്കുന്നെങ്കില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നാണു  രാജി വയ്ക്കേണ്ടത്. അല്ലാതെ നിയമസഭയില്‍ നിന്നല്ല. ഇടതു മുന്നണിയിലെ വേറെ 20 എം എല്‍ എ മാരുടെ മണ്ഡലങ്ങളിലും ഇടത് മുന്നണി പിന്നിലായിപ്പോയിട്ടുണ്ട്. അവരും ബേബിയേപ്പോലെ രാജി വയ്ക്കേണ്ടതല്ലേ? ബേബിയുടേത് കപട ധാര്‍മ്മികതയാണ്

എം എ ബേബി രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത് പോളിറ്റ് ബ്യൂറോയിലായിരുന്നു. അതറിയിച്ച ഉടനെ തന്നെ അത്  ഇന്‍ഡ്യ മുഴുവനറിഞ്ഞു. പണ്ട് പോളിറ്റ് ബ്യൂറോയില്‍ നടക്കുന്ന  എന്തെങ്കിലും കാര്യം പുറത്തായാല്‍ അപ്പോള്‍ കുറ്റം ചാര്‍ത്താന്‍  വി എസ് എന്നൊരാള്‍ ഉണ്ടായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പറഞ്ഞ എന്തോ ഒരു കാര്യം പുറത്താക്കി എന്നും പറഞ്ഞായിരുന്നു വി എസിന്റെ മൂന്നു സഹായികളെ വിജയന്‍ പുകച്ചു പുറത്തു ചാടിച്ചത്. ബേബി രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന കാര്യം ആരാണിപ്പോള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്തു വിട്ടത്? വി എസ് അല്ലല്ലോ. അദ്ദേഹത്തിന്റെ സഹായികളും അല്ല. ഇതിന്റെ പേരില്‍ ആരെ സി പി എം പുറത്താക്കും?

ബേബി രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നു എന്ന വിവരം സാധാരണ ജനങ്ങള്‍ അറിഞ്ഞപ്പോള്‍ അത് വെറും ഭാവന എന്നാണ്, പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി പറഞ്ഞത്. കോടിയേരി പറഞ്ഞത് നുണ ആയിരുന്നു എന്ന് കാരാട്ട് തന്നെ സമ്മതിച്ചു. ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം കോടിയേരിയേപ്പോലുള്ളവരാണ്. സത്യം  കാണാന്‍ ശേഷിയില്ലാത്ത,   സത്യം മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന ഈ നേതാക്കളൊക്കെ ചേര്‍ന്നാണ്, ഈ പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഇവരൊക്കെ സ്ഥാനങ്ങൾ രാജി വച്ചു മാറി  നിന്നാലേ  ഈ പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടാകൂ.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒന്നായി തീരണം എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ എപ്പോഴും എതിര്‍ത്തിരുന്നത് സി പി എം ആയിരുന്നു.  സി പി ഐയെ ശോഷിപ്പിച്ച് അതിന്റെ അണികളെ ഒക്കെ അടര്‍ത്തി എടുത്ത് ശക്തി നേടാം എന്നായിരുന്നു അവരുടെ മിഥ്യാ ധാരണ. ഇപ്പോള്‍ സി പി ഐ ശോഷിക്കുന്ന അതേ വേഗതയില്‍ സി പി എമ്മും ശോഷിച്ചു പോകുന്ന കാഴ്ചയാണ്, കാണുന്നത്. എന്നിട്ടും യോജിപ്പിനുള്ള സമയമായിട്ടില്ല എന്നാണ്, സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യത്തോടെ ഉള്ള നിലപാട്. ജനങ്ങള്‍ ഇവരെ മൊത്തമായി തള്ളിക്കളയുന്ന കാലത്തോളം ഈ ധാര്‍ഷ്ട്യം തുടരാനാണു സാധ്യത.

അടുത്ത സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി ആവുക എന്ന ഉദ്ദേശ്യം എം എ ബേബിക്കുണ്ടാകാം. അതിന്റെ കേളി കൊട്ടായിരിക്കാം ഇപ്പോഴത്തെ രാജി നാടകം. പുറത്തു വരുന്ന വാര്‍ത്തള്‍ ശരിയാണെങ്കില്‍ വിജയന്‍ സ്ഥാനം ഒഴിയ്മ്പോള്‍ ഇളമരം കരീമിനെ ആ സ്ഥാനത്തേക്ക് കൊണ്ടു വരാനാണ്, വിജയന്‍ ഉദ്ദേശിക്കുന്നത്. കരീം വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട പല നിലപാടുകളും കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് വിരുദ്ധവും മുതലാളിത്ത ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആയിരുന്നു. വകുപ്പു സെക്രട്ടറിയേക്കൊണ്ട്, ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നു പറയിച്ച വ്യക്തി ആണദ്ദേഹം. എച് എം റ്റി ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ അദ്ദേഹം കൂട്ടു നിന്നു. ആറന്മുള വിമാനത്താവളത്തിന്, അനുമതി കൊടുക്കാന്‍  കൂട്ടുനിന്നു. ചക്കിട്ട പാറയില്‍ സ്വകാര്യ വ്യക്തികള്‍ക്ക്  ഖനനത്തിനനുമതി കൊടുത്തു.

കരീം പാര്‍ട്ടി സെക്രട്ടറി ആയാല്‍ പിന്നെ യു ഡി എഫിന്റെ മഹാഭാഗ്യമായിരിക്കും. ഇന്‍ഡ്യയിലെ ഏറ്റവും ഭാഗ്യവാനായ മുഖ്യ മന്ത്രി ഉമ്മന്‍  ചാണ്ടി ആണെന്നു പറയാം. പിണറായി വിജയന്റെ കൃപകൊണ്ട് അദ്ദേഹം ആ സ്ഥാനത്തൊരു പോറലുമേല്‍ക്കാതെ തുടരുന്നു. തമാശ രൂപത്തിൽ    Face Book ല്‍ ഞാൻ കണ്ട   ഒരു അഭിപ്രായം ആയിരുന്നു ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് എഴുതിയ , പിണറായി വിജയന്‍ യു ഡി എഫിന്റെ ഐശ്വര്യം എന്നത് . അക്ഷരാര്‍ത്ഥത്തില്‍ അത് തികച്ചും ശരിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നടത്തിയ എല്ലാ സമരങ്ങളും പാതി വഴിയില്‍ ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ ഒരു പങ്ക് വിജയന്‍ വഹിച്ചിട്ടുണ്ട്.  ഈ സമരങ്ങളിലൊക്കെ ആത്മാര്‍ത്ഥമായി പങ്കെടുത്ത ഇടതനുഭാവികളൊക്കെ ഇളിഭ്യരായത് മിച്ചം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മേല്‍ക്കൈ നേടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായ  കുറച്ചു കൂടെ വര്‍ദ്ധിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യു ഡി എഫ് അധികാരത്തില്‍ തിരിച്ചു വരാനാണ്, എല്ലാ സാധ്യതയും.

കുലം കുത്തി എന്ന പദം സി പി എമ്മിനെ ഉപേക്ഷിച്ചു പോയവരെ ഉദ്ദേശിച്ചായിരുന്നു വിജയന്‍ പ്രയോഗിച്ചത്. സി പി എമ്മിനുള്ളില്‍ ഇരുന്നു കൊണ്ട്   ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചവര്‍ക്കാണീ പ്രയോഗം കൂടുതല്‍ യോജിക്കുക. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സി പി എമ്മിനെ നയിച്ചവര്‍ തന്നെയാണ്, സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥക്കുത്തരവാദികള്‍. ഇവരാണു യഥാര്‍ത്ഥ കുലം കുത്തികള്‍.

6 comments:

kaalidaasan said...

കുലം കുത്തി എന്ന പദം സി പി എമ്മിനെ ഉപേക്ഷിച്ചു പോയവരെ ഉദ്ദേശിച്ചായിരുന്നു വിജയന്‍ പ്രയോഗിച്ചത്. സി പി എമ്മിനുള്ളില്‍ ഇരുന്നു കൊണ്ട് ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചവര്‍ക്കാണീ പ്രയോഗം കൂടുതല്‍ യോജിക്കുക. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സി പി എമ്മിനെ നയിച്ചവര്‍ തന്നെയാണ്, സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥക്കുത്തരവാദികള്‍. ഇവരാണു യഥാര്‍ത്ഥ കുലം കുത്തികള്‍.

Baiju Elikkattoor said...

ഗൗരിയമ്മയുടെ ജെഎസ്സ്എസ്സസിനെയും സി എം പിയുടെ ഒരു കഷണത്തെയും ലയിപ്പിച്ചു ഇടതു മുന്നണിയിൽ കൊണ്ട് വരാൻ ശ്രമം നടക്കുന്നതായി കേൾക്കുണ്ട്.

ajith said...

ഇപ്പോഴത്തെ കൊഴുത്തുതടിച്ച അഹങ്കാരിനേതാക്കള്‍ക്ക് അവരുടെ അന്ത്യത്തോളം എങ്ങനെയെങ്കിലും അവിടെ പറ്റിപ്പിടിച്ചിരിയ്ക്കണമെന്നേയുള്ളു. രാജ്യത്തോടോ ജനത്തോടോ പാര്‍ട്ടിയോടോ സ്നേഹമുള്ളവരല്ല ഇവരാരും. അതാണ് ഏറ്റവും വലിയ ദുര്യോഗം

kaalidaasan said...

ബൈജു,

വിഭജിച്ചു പോയ കമ്യൂണിസ്റ്റുപാര്‍ട്ടികളും വ്യക്തികളുമൊക്കെ ഒരുമിച്ചു ചേര്‍ന്ന ഒരു കമ്യൂണ്സിറ്റുപാര്‍ട്ടിയേ ഇനി ഇന്‍ഡ്യയില്‍ ആവശ്യമേ ഉള്ളു. പക്ഷെ സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യം അതിനനുവദിക്കുന്നില്ല.

ഗൌരിയമ്മയുടെ പിന്നാലെ വിജയന്‍ കുറേക്കാലം ​നടന്നിട്ടുണ്ട്. അത് വി എസിനെ പുറത്തക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതക്ക് പകരം വയ്ക്കാന്‍ വേണ്ടി ആയിരുന്നു. ഇപ്പോള്‍ നടത്തുന്ന ചില ചെപ്പടി വിദ്യ കൊണ്ട് ഒനും നേടാന്‍ സാധിക്കില്ല. വി എസ് പുറത്തു പോകാന്‍ സാധ്യത ഇല്ലെന്നു മനസിലായപ്പോള്‍ ഗൌരിയമ്മ പല നിബന്ധനകളും വയ്ക്കുന്നുണ്ട്.

വേണ്ടത് ഒറ്റ കമ്യൂണിസ്റ്റുപാര്‍ട്ടിയാണ്. ആ പാര്‍ട്ടി സമാന ചിന്തഗതിയുള്ള മറ്റ് പാര്‍ട്ടികളോട് യോജിച്ച് ഒരു മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിര്‍ഭഗ്യവശാല്‍ കേരളത്തില്‍  നയിക്കുന്ന വിജയനും ഇന്‍ഡ്യയില്‍ നയിക്കുന്ന പ്രകാശിനും അതിനുള്ള ശേഷിയില്ല,. ഇവര്‍ രണ്ടു പേരും സ്ഥാനം ഒഴിഞ്ഞ് ശേഷിയുള്ള നേതാക്കളെ കാര്യങ്ങള്‍ ഏല്‍പ്പിക്കുകയാണു വേണ്ടത്.

kaalidaasan said...

അജിത്,

പാര്‍ട്ടിയോടോ രാജ്യത്തോടോ അല്ല ഇവര്‍ക്ക് സ്നേഹം. സ്വന്തം വ്യക്തി താല്‍പ്പര്യങ്ങളോടാണ്. അതുകൊണ്ടാണ്, പൊതു ജനങ്ങളെ പോലും അവഹേളിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റു പോയപ്പോള്‍ ഇവര്‍ പറഞ്ഞ ന്യായീകരണങ്ങള്‍ കേള്‍ക്കുക. പാര്‍ട്ടിയുടെ നയ പരിപാടികള്‍ ജനങ്ങളില്‍  എത്തിക്കാന്‍ സാധിച്ചില്ല എന്ന്. ഇവരുടെ നയപരിപാടികളും, ഇവര്‍ ചെയ്യുന്നതും പറയുന്നതും ഒക്കെ എന്തെന്നു മനസിലാക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണു പൊതു ജനം. ഇനി പ്രത്യേക ദൂതന്‍ വഴിയോ ഏതെങ്കിലും പത്രിക വഴിയോ അവരെ അതൊന്നും അറിയിക്കേണ്ട ആവശ്യമില്ല. ഈ നേതാക്കളൊക്കെ ജീവിക്കുന്നത് 50 വര്‍ഷം പിന്നിലെ മാനസിക അവസ്ഥയിലാണ്. അന്നത്തെ ജനത്തിനു വിദ്യാഭ്യാസം ഇല്ലായിരുന്നു. ലോക പരിചയം ഇല്ലായിരുന്നു. ഇന്നത്തേപ്പോലെ മാദ്ധ്യമങ്ങളും ഇല്ലായിരുന്നു. അതുകൊണ്ട് അവരെ ആരെങ്കിലുമൊക്കെ ബോധവാന്‍മാരാക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ജനത വിദ്യാഭ്യാസമുള്ളവരാണ്, ലോക പരിചയം ഉള്ളവരാണ്, ദിവസേന ഈ നേതാക്കളൊക്കെ പറയുന്നതും ചെയ്യുന്നതും അവര്‍ നേരിട്ട് കേള്‍ക്കുന്നുണ്ട്, കാണുന്നുമുണ്ട്. അതുകൊണ്ട് പൊതു ജനത്തെ കളിയാക്കുന്ന മാനസിക സ്ഥിതി ഉപേക്ഷിക്കുക. കുറച്ചു കൂടെ മാനസിക വളര്‍ച്ച നേടുക. ആത്മ വഞ്ചന നിറുത്തി, ജനപക്ഷം ചേരുക.

പൊതു ജന സമ്മതരായ ആളുകളെ കേട്ടാല്‍ അറയ്ക്കുന്ന പദങ്ങളുപയോഗിച്ച് ആക്ഷേപിച്ചാല്‍ അതൊക്കെ പൊതു ജനം സ്വീകരിച്ചുകൊള്ളും എന്ന ധാര്‍ഷ്ട്യമൊക്കെ ആണാദ്യം എടുത്തു മാറ്റേണ്ടത്. ഇതുപോലെയുള്ള നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യത തന്നെയാണ്. ആ തിരിച്ചറിവാണു പാര്‍ട്ടിക്കു വേണ്ടത്. ഈ പാര്‍ട്ടി ഒഴിച്ചു കൂടാനാവാത്തതാണെന്ന മിഥ്യാ ധാരണയൊന്നും പൊതു ജനത്തിനില്ല. ജന ക്ഷേമകരമായ നയങ്ങളുള്ള ഏത് പാര്‍ട്ടിയേയും അവര്‍ സ്വീകരിക്കും.

ഏതായാലും കേരളത്തിലെ പാര്‍ട്ടിക്ക് ചില തിരിച്ചറിവുകളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ ശൈലിയിൽ മാറ്റം വരുത്തണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യമുണ്ടായി എന്നാണു റിപ്പോര്‍ട്ടുകള്‍.

കേരളത്തിൽ പാര്‍ട്ടി പിന്നിൽ പോയതിന് കാരണം പാർട്ടിയുടെ പ്രവർത്തന ശൈലിയിലുണ്ടായ കുഴപ്പമാണ്, ഭാഷാപ്രയോഗ രീതികളിലും സൂക്ഷ്മത വേണം, ആർ.എസ്.പി യെ വിശ്വാസത്തിലെടുത്തുള്ള ചർച്ചയ്ക്ക് മുൻകൈയെടുത്തില്ല, ഏകപക്ഷീയമായി നിലപാടുകൾ അടിച്ചേല്പിക്കുന്നത് ഗുണം ചെയ്യില്ല, ഇടതുപക്ഷ ഐക്യം ഇഷ്ടമുള്ളവരെ മാത്രം എടുക്കുകയെന്നതാവരുത്, തുടങ്ങിയ അഭിപ്രയങ്ങളൊക്കെ വിജയനു നേരെ ഉണ്ടായ വിമര്‍ശനങ്ങളാണ്. വിജയന്‍ ഇതൊക്കെ പുച്ചിച്ചു തള്ളാനാണു സാധ്യത. വിജയന്റെ ഈ തരത്തിലുള്ള ശൈലിക്ക് യാതൊരു മാറ്റവും ഉണ്ടാകാനുള്ള സാധ്യത ഇല്ല. പ്രകാശിനു വിജയനെതിരെ ഒന്നും ചെയ്യാനും സാധിക്കില്ല.

kaalidaasan said...



ഒരു കുലം കുത്തിയുടെ ആത്മ രോദനങ്ങള്‍.

മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്കു കാരണം സംഘടനാ ദൌര്‍ബല്യം: എസ്ആര്‍പി

കോഴിക്കോട്, ആലപ്പുഴ, കൊല്ലം ലോക്സഭാ മണ്ഡലങ്ങളിലെ സിപിഎമ്മിന്റെ തോല്‍വിക്കു കാരണം സംഘടനാദൌര്‍ബല്യം. ഈ മൂന്നു ജില്ലകളിലും സിപിഎമ്മിന്റെ നിലപാടുകളും മുദ്രാവാക്യങ്ങളും പോലും അപ്രസക്തമായി. അത് തോല്‍വിക്കു വഴിവച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെക്കുറിച്ച് കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തണം. തോല്‍വിയെ മറികടക്കാന്‍ പാര്‍ട്ടി പുതിയ അടവു നയം സ്വീകരിക്കണം. പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്കു കഴിയാത്തത് അപകടകരമാണ്. പാര്‍ട്ടി ഏറ്റെടുത്ത ബഹുജന സമരങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും വോട്ടു കുറഞ്ഞു. ആറു സീറ്റാണ് പ്രതീക്ഷിച്ചത്. ഹിന്ദു വോട്ടുകളിലും വലിയ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഈ വോട്ടുകളാണ് ബിജെപിക്ക് അനുകൂലമായി നിന്നത്.

എസ്എന്‍ഡിപിയും എന്‍എസ്എസും യുഡിഎഫിന് അനുകൂലമായ നിലപാടെടുത്തു. തിരഞ്ഞെടുപ്പു സമയത്ത് ആര്‍എസ്പി മുന്നണിയില്‍ നിന്നു വിട്ടു പോയത് വന്‍ ക്ഷീണമുണ്ടാക്കി. കോര്‍പറേറ്റുകളാണ് രാജ്യത്ത് മോദിയെ ഭരണത്തിലെത്തിച്ചത്. ഇതിനായി 2006 മുതല്‍ ഗുജറാത്തില്‍ കോര്‍പറേറ്റു ഭീമന്മാര്‍ തമ്പടിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയ വോട്ടും ചര്‍ച്ച ചെയ്യേണ്ടതാണ്.


ഇപ്പോള്‍ മൂന്നു ജില്ലകളിലേ സിപിഎമ്മിന്റെ നിലപാടുകളും മുദ്രാവാക്യങ്ങളും അപ്രസക്തമായിട്ടുള്ളു. ഇനി അത് എല്ലാ ജില്ലകളിലും അപ്രത്യക്ഷമാകാന്‍ കുലം കുത്തികളൊക്കെ കൂടി വഴി വയ്ക്കും.