Wednesday 28 March 2012

വീണ്ടും പരാജയപ്പെടുന്ന പുണ്യാളന്‍




എ കെ ആന്റണി ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയാണ്. നീണ്ട പൊതു ജീവിതത്തില്‍ ഇതു വരെ അഴിമതി ആരോപണങ്ങളൊന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടില്ല.  സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ശക്തി കേന്ദ്രം തന്നെയാണ്‌.  ആന്റണി. മന്‍മോഹന്‍ സിംഗ് എന്ന വിനീത ദാസനേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ആന്റണിയോടാണുതാനും. അദ്ദേഹം അഴിമതി നടത്തുമെന്ന് ശത്രുക്കള്‍ പോലും പറയില്ല. പക്ഷെ അഴിമതിക്കു നേരെ കണ്ണടക്കുമെന്നത് വാസ്തവം. അതുപോലെയുള്ള കണ്ണടക്കല്‍ ഇപ്പോള്‍ അദ്ദേഹത്തെ വലിയ ഒരു വിഷമസ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു.

ഈയിടെ അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി  സി കെ ചന്ദ്രപ്പന്‍, എ കെ ആന്റണിയെ  വിശേഷിപ്പിച്ചത് പരാജയപ്പെട്ട പുണ്യാളന്‍ എന്നായിരുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആന്റണി പ്രകടിപ്പിച്ച ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിലായിരുന്നു ആ വിശേഷണം.

ആ പ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവഗതികളാണിപ്പോള്‍ നടക്കുന്നത്. കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ ഇന്നു വരെ യാതൊരു വിധ ആരോപണങ്ങളും നേരിടാത്ത, ആന്റണിയോളം തന്നെ സത്യസന്ധനായ  ഉദ്യോഗസ്ഥനും . പക്ഷെ ജനന തീയതി വിവാദത്തില്‍ അദ്ദേഹത്തിനു പരാജയം സമ്മതിക്കേണ്ടി വന്നു.  ഒരുപക്ഷെ ആ ജാള്യത കൊണ്ടായിരിക്കാം അദ്ദേഹമൊരു പഴയ കോഴ പ്രശ്നം അടുത്തിടെ ഉയര്‍ത്തിക്കൊണ്ടു വന്നതും. അദ്ദേഹം ഉയര്‍ത്തിവിട്ട കോഴ വിവാദത്തില്‍ ആന്റണി പ്രതിരോധത്തിലുമാണ്. ആന്റണി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിപ്പോയി ഇത്. പ്രതിരോധത്തിലായ ആന്റണി, ആരും ആവശ്യപ്പെടാതെ തന്നെ  രാജ്യസഭയില്‍ ഒരു പ്രസ്താവന നടത്തി.  ആ  പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍.


1958 ല്‍ വിദ്യാര്‍ഥി നേതാവായാണു പൊതുജീവിതം തുടങ്ങിയത്‌. 54.,. 54 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുകയും അഴിമതിക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലയളവില്‍ ചെറിയൊരു ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ആ പദവി വലിച്ചെറിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അന്നു എന്നോടു തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അതാണു എന്റെ രാഷ്‌ട്രീയ ചരിത്രം. 


പ്രതിരോധ മന്ത്രിസ്‌ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും നേതൃത്വം ഏല്‍പിച്ച ചുമതല ഏറ്റെടുക്കുകയായിരുന്നു. സേനയുടെ ആധുനികവത്‌ക്കരണത്തിനും അഴിമതി ഇല്ലാതാക്കാനുമാണു തുടക്കം മുതല്‍ ശ്രമിച്ചത്‌. . സൈന്യത്തിലേക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ അഴിമതി കണ്ടെത്തിയാല്‍ ഏതു കരാറാണെങ്കിലും റദ്ദാക്കും. ആദര്‍ശ്‌ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട്‌ വിവാദമുണ്ടായപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടു. ശ്രീനഗറിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. എം.പി നല്‍കിയ പരാതിയില്‍ വകുപ്പുതല അന്വേഷണവും പിന്നീടു സി.ബി.ഐ. അന്വേഷണവും പ്രഖ്യാപിച്ചു.


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ക്രമക്കേടുകളുടെ പേരില്‍ നാലു വിദേശ കമ്പനികളെയും രണ്ട്‌ ഇന്ത്യന്‍ കമ്പനികളേയും കരിമ്പട്ടികയില്‍ പെടുത്തി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ഹെലികോപ്‌ടര്‍ വാങ്ങല്‍ കരാര്‍ പോലും ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്നു റദ്ദാക്കി. എന്റേത്‌ മെല്ലപ്പോക്കാണെന്നും സൈന്യത്തിന്റെ ആധുനികവത്‌കരണം നടക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്‌. ആധുനികവത്‌കരണത്തിന്‌ അനുകൂലമാണ്‌. എന്നാല്‍ അതിന്റെ മറവില്‍ അഴിമതി അനുവദിച്ചുകൊടുക്കില്ല. സത്യമാണു ഞാന്‍ പറയുന്നത്‌, സത്യം മാത്രം. അത്‌ എന്റെ മനഃസാക്ഷിയെ അനുസരിച്ചുള്ളതാണ്‌-.,.


ഞാനും ജനറലുമായി ഇടയ്‌ക്കിടെ കൂടിക്കാഴ്‌ച നടത്താറുണ്ട്‌. ഒരു വര്‍ഷം മുമ്പാണെന്നാണ്‌ ഓര്‍മ. തേജീന്ദര്‍ സിംഗ്‌ കോഴ വാഗ്‌ദാനം ചെയ്‌ത കാര്യത്തെ കുറിച്ച്‌ ജനറല്‍ പറഞ്ഞിരുന്നു. താന്‍ ഞെട്ടി തലയില്‍ കൈ വച്ചു. നടപടിയെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജനറല്‍ താല്‍പര്യപ്പെട്ടില്ല. ഇന്നുവരെ ഇതു സംബന്ധിച്ച്‌ യാതൊരു പരാതിയും രേഖാമൂലം ലഭിച്ചിട്ടില്ല. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍.,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. 


ജനറല്‍ സിംഗ്‌ ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളോടു പറഞ്ഞത്‌ അറിഞ്ഞയുടന്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സത്യാവസ്‌ഥ പുറത്തുവരാന്‍ ഏതറ്റം വരേയും പോകും. അഴിമതി ആരു നടത്തിയാലും, എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ല. മനഃസാക്ഷിയുടെ ഉറപ്പിലാണ്‌ ഇതു പറയുന്നത്‌. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കാം.





ഇവിടെ ആന്റണി സ്വയം പുകഴ്ത്തി പറഞ്ഞു പോകുന്നതിനിടയില്‍ വളരെ പ്രസക്തമായ രണ്ടു കാര്യങ്ങളുണ്ട്.

1. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.


2. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍..,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.


അതിവിചിത്രവും നിരുത്തരവദപരവുമാണീ പരാമര്‍ശങ്ങള്‍,.  കുറെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് എന്തോ മഹത്തായ കാര്യമായാണദേഹം വിളിച്ചു കൂവുന്നത്.  അതിന്റെ അര്‍ത്ഥം ഇത്രയധികം സി ബി ഐ അന്വേഷണം നടത്തേണ്ട തരത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ് ക്രമക്കേടുകളുടെ കൂടാരം ആണെന്ന്. ഒരു മന്ത്രിക്കും അഭിമാനിക്കാന്‍ ഉള്ള വക അല്ല ഇത്. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ എന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണിത്. പ്രതിരോധ വകുപ്പാണ്, അഴിമതിയുടെ മൊത്തക്കച്ചവടക്കാര്‍ എന്നത് നാട്ടില്‍ മുഴുവന്‍ പാട്ടാണ്.  അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ആന്റണിക്ക് എന്തു കൊണ്ട് ഇതുപോലെ വ്യാപകമായ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ആകുന്നില്ല?

വളരെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു എന്നദ്ദേഹം വീമ്പു പറയുന്നുണ്ട്. എത്ര അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടുപിടിച്ചിട്ടുണ്ട്? കേസെടുത്തിട്ടുണ്ട്? ശിക്ഷിച്ചിട്ടുണ്ട്? അതിന്റെ കണക്കൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ആരും ചോദിച്ചിട്ടുമില്ല. ഇവിടെ അന്റണി എന്ന പുണ്യവാളന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു.

ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആന്റണിക്ക്  രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, എന്നത് പച്ചക്കള്ളമാണ്. അതു പൊളിച്ചടുക്കുന്ന  കാര്യങ്ങളാണിപ്പോള്‍ നടക്കുന്നത്. ആന്റണിയോട് ഒരു വര്‍ഷം മുന്നേ  വി കെ സിംഗ് പറഞ്ഞത്, അദ്ദേഹം തന്നെ ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആന്റണി സി ബി ഐ അന്വേഷണവും പ്രഖ്യാപിച്ചു. ആരും രേഖാമൂലം പരാതി നല്‍കിയില്ല.



ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞായിരുന്നു സിംഗ് ഈ ആരോപണം  ആന്റണിയുടെ മുന്നില്‍ അവതരിപ്പിച്ചത്. ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയോട് കരസേനാ മേധാവി ഒരഴിമതിയുടെ കഥ പറയുന്നു. അഴിമതിക്കെതിരെ കുരിശിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു  എന്നകാശപ്പെടുന്ന പ്രതിരോധ മന്ത്രിക്ക് അതിന്റെ ഗൌരവം മനസിലാകുന്നില്ല എന്നൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ പോലും അന്വേഷണം നടത്തുന്നു എന്ന് വീമ്പടിക്കുന്ന ആന്റണി, കരസേന മേധാവി നേരിട്ട് അറിയിച്ച ഈ വിഷയത്തെ അവഗണിച്ചു എന്ന് വിശ്വസിക്കാനാണു തോന്നുന്നത്. ആന്റണിയുടെ മറ്റൊരു മുഖം മൂടിയും ഇവിടെ അഴിഞ്ഞു വീഴുന്നു.

വിഷയം സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയാണ്. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ചീഞ്ഞു നാറുന്ന സര്‍ക്കാരാണ്, മന്‍ മോഹന്‍ സിംഗിന്റേത്.   റ്റു ജി സ്പെക്റ്റ്രം  വിഷയത്തില്‍ പരാതി ലഭിച്ചിട്ടും ഒരു വര്‍ഷത്തോളം മന്‍ മോഹന്‍ സിംഗ് നിഷ്ക്രിയനായിരുന്നു. കോടതി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണം നടത്തേണ്ടി വന്നു. അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന സത്യങ്ങളാണ്. ആന്റണിയും മന്‍ മോഹന്റെ പാത പിന്തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാതിരുന്നതുകൊണ്ടാണ്, ഇപ്പോള്‍ കരസേനാ മേധാവിക്ക് ഈ വിഷയം പൊതു ജനങ്ങളോട് പറയേണ്ടി വന്നത്. ആന്റണി എത്ര ന്യായീകരിച്ചാലും ഈ പ്രശ്നം ആന്റണിയുടെ വ്യക്തിത്വത്തിന്റെ മേല്‍ വീണ കരിനിഴലാണ്. വീണ്ടും വീണ്ടും പരാജയപ്പെടുന്ന പുണ്യാളനാണദ്ദേഹം.

അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍  അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നവരും ആണ്. ആന്റണിയും മന്‍ മോഹന്സിംഗും വ്യക്തിപരമായി അഴിമതി നടത്തുന്നില്ല എന്ന വിശ്വസിച്ചാല്‍ പോലും. ഇവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.

നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ പ്രധാന പ്രതിപക്ഷം ബി ജെ പി, ഉന്നം വയ്ക്കുനത് സോണിയാ ഗാന്ധിയേയും അവരുടെ കുടുംബത്തെയുമാണ്. ആ വിടവിലൂടെ അഴിമതി നടത്തുന്നവരും,അതിനു കൂട്ടുനില്‍ക്കുന്നവരും, അതിനു നേരെ കണ്ണടയ്ക്കുന്നവരും വഴുതി രക്ഷപ്പെടുന്നു.

സ്വന്തം വീഴ്ച്ച സമ്മതിക്കുന്നതിനേക്കാള്‍ കൂടുതലായി സഹതാപം പിടിച്ചു പറ്റാനാണ്, ആന്റണി ശ്രമിക്കുന്നത്.  പണ്ട് കേരള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാനുള്ള എല്ലാ വഴികളും അദ്ദേഹം തുറന്നിട്ടു. ഇന്ന് ഉമ്മന്‍ ചാണ്ടി,  സര്‍ക്കാര്‍ മേഘലയില്‍ 6 മെഡിക്കല്‍ കോളേജുകളാണു കൊണ്ടു വരാന്‍ പോകുന്നത്. അന്ന് ആന്റണി ഇത് ചെയ്തിരുന്നെങ്കില്‍  കച്ചവടക്കാര്‍ ഇതുപോലെ അഴിഞ്ഞാടില്ലായിരുന്നു.




Monday 26 March 2012

യു ഡി എഫിന്റെ മഞ്ഞളാം കുഴികള്‍ 


കഴിഞ്ഞ ഒരു വര്‍ഷമായി കേരള രാഷ്ട്രീയത്തിലെ പ്രധാന വിനോദം  മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാണ്. പ്രവാചക തുല്യനായ  പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചു പോയതാണ്. ഇനി അത് മാറ്റാന്‍ ആകൂല്ല. മുസ്ലിങ്ങള്‍ക്ക് മറ്റാനാകാത്തത് മുസ്ലിം പ്രവാചകന്റെ വാക്കുകള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഈ പുതിയ പ്രവാചകന്റെ വാക്കും മാറ്റാന്‍ ആകില്ല.

എന്റെ അഭിപ്രായത്തില്‍ ലീഗിനു അഞ്ചു മന്ത്രി മാര്‍ക്കല്ല, ആറു മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്.  അതിന്റെ കാരണങ്ങള്‍ ഇവയും.

1. കോണ്‍ഗ്രസിനു 38 എം എല്‍ എ മാരേ ഉള്ളു. അവര്‍ക്ക്  10 മന്ത്രിമാരുണ്ട്. അങ്ങനെ വരുമ്പോള്‍ 19 എം എല്‍ എ മാര്‍ക്ക് അഞ്ചു മന്ത്രിമാര്‍ എന്നതിനു ന്യായമുണ്ട്. എന്നിട്ടും ഒരു  എം എല്‍ എ കൂടുതലും. അപ്പോള്‍ ആറു മന്ത്രിമാര്‍ എന്നതില്‍ യാതൊരു അധികപ്രസംഗവുമില്ല.

2. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ലീഗ് ചോദിച്ചതിലും ഒരു സീറ്റു കൂടുതല്‍ മത്സരിക്കാന്‍ നല്‍കി. അപ്പോള്‍ അഞ്ചു മന്ത്രിമാരെ ചോദിച്ചാല്‍ ആറു  നല്‍കണം. ഉമ്മന്‍ ചാണ്ടി പാഞ്ചാലിയേപ്പോലെ ആണ്, ചോദിക്കുന്നതിലും കൂതുതല്‍ നല്‍കും. പക്ഷെ അത് മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്നോര്‍ക്കുക. ക്രിസ്ത്യാനിയായ മാണി ചോദിച്ചതിന്റെ പകുതിയേ നല്‍കിയുള്ളൂ. മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം അര്‍ഹിക്കുന്നതിലും കൂടുതല്‍ പിടിച്ചു പറിക്കുന്നു എന്നത് ആന്റണിയുടെ മാത്രം പിന്തിരിപ്പന്‍ അഭിപ്രായം. ഉമ്മന്‍ ചാണ്ടിക്കങ്ങനെ ഒന്നുമില്ല. ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ല, ചെന്നിത്തലയും പരസ്യമായി പറഞ്ഞത്, ലീഗ് അഞ്ച് മന്ത്രി മാരെ ചോദിച്ചത് തികച്ചം ​ന്യായമെന്നു തന്നെയാണ്. രഹസ്യമായി മറ്റ് പലതും പറയുന്നുണ്ട്. പക്ഷെ അതിനെ ആരും ഗൌനിക്കേണ്ടതില്ല.

പാവം ലീഗ്. മലപ്പുറത്ത് സ്വന്തം അണികള്‍ നാലു സീറ്റു കൂട്ടി യു ഡി എഫിനെ അധികാരത്തിലെത്തിച്ചിട്ടും ഇടതുപക്ഷത്തു നിന്നും ചാടി വന്ന അലിയെ മന്ത്രിയാക്കിയില്ലെങ്കില്‍  എങ്ങനെ മനസമാധാനമായി പച്ച ലഡ്ഡുവും  പച്ചബിരിയാണിയും കഴിക്കും? മന്ത്രിസ്ഥാനം കൊടുക്കാം എന്നു മോഹിപ്പിച്ച് അലിയെ ചാടിച്ചു കൊണ്ടു വരുമ്പോള്‍ കുഞ്ഞാലിയുടെ മനസില്‍ ഉണ്ടായിരുന്നത് മറ്റ് ചിലതൊക്കെയായിരുന്നു. മുനീറിനെ മലപ്പുറത്തു നിനും ഓടിച്ച് കോഴിക്കോട്ടു കൊണ്ടു പോയി തോല്‍പ്പിക്കാം എന്ന മോഹം പൂവണിഞ്ഞില്ല. അതുകൊണ്ട് അലിക്ക് മന്ത്രിസ്ഥാനം കൊടുക്കാനും പറ്റിയില്ല. അലി വന്നില്ലായിരുന്നെങ്കിലും ജയിക്കാമായിരുന്നു. വേലിയില്‍ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച അവസ്ഥയുമായി.

ജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പ് എന്നു പറഞ്ഞായിരുന്നു അനൂപിനെ മോഹിപ്പിച്ചതും. ഇപ്പോള്‍ ലീഗിന്റെ അഞ്ചില്‍ തട്ടി അതും നീണ്ടുപോകുന്നു. മന്ത്രിസ്ഥാനം കൊടുത്താലും എന്തെങ്കിലും അപ്രധാന വകുപ്പ് നല്‍കി ഒതുക്കാനാണു സാധ്യത. റ്റി എം ജേക്കബിന്, മന്ത്രിസ്ഥാനം പോലും നിഷേധിച്ച ചരിത്രമുണ്ട്, ഉമ്മന്‍ ചാണ്ടിക്ക്. അപ്പോള്‍ മകനെ എങ്ങനെ സത്കരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

കൊട്ടാരക്കര ഗണേശന്റെ കാര്യം അപ്പാടെ കുഴഞ്ഞ് മറിഞ്ഞു കിടക്കുന്നു. ഒറ്റ എം എല്‍ എ ആയതുകൊണ്ട് മന്ത്രിയായിപ്പോയതാണദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അദ്ദേഹത്തെ വേണ്ട. മന്ത്രിസ്ഥാനം പോലും വേണ്ട എന്നതാണ്, അച്ഛന്റെ നിലപാട്. എന്തൊരു ത്യാഗ മനോഭാവം. ജയിലില്‍ കിടന്നാല്‍ ആരും ത്യാഗിയായി പോകുമെന്ന് തോന്നുന്നു.

അച്ഛനെ തള്ളിയാലും മകനെ ചാണ്ടി തള്ളില്ല. പിന്നെ അച്ഛനു പ്രയോഗിക്കാവുന്ന  തന്ത്രം തെരഞ്ഞെടുപ്പ് അസാധുവാക്കി പാഠം പഠിപ്പിക്കുക എന്നതു മാത്രം. വിപ്പ് ലംഘിച്ചു എന്നും പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെട്ടാല്‍, നിയമസഭാംഗത്വം നഷ്ടപ്പെടാം. പണ്ട് പിള്ളക്കങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പി ജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തിനു നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. മകന്റെ അംഗത്വവും അതുപോലെ നഷ്ടപ്പെടുത്താം. പക്ഷെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ജയിച്ചു വരും എന്നതാണു മകന്റെ നിലപാട്.

സാധാരണ പാര്‍ട്ടിക്കാരൊക്കെ കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ എങ്ങനെയെങ്കിലും മേടിച്ചെടുക്കാനാണു ശ്രമിക്കുക. ഇവിടെ ഒരു പാര്‍ട്ടി ആകെയുള്ള ഒരു മന്ത്രിയെ തന്നെ വേണ്ട എന്നാണാവശ്യപ്പെടുന്നത്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള കുടുംബവഴക്കില്‍ ബുദ്ധിമുട്ടുന്നത് ഉമ്മന്‍ ചാണ്ടിയാണ്. വളഞ്ഞ വഴിയിലൂടെ മൂത്തപിള്ളയെ ജയിലില്‍ നിന്നും മോചിപ്പിച്ചത് മണ്ടത്തരമായി എന്നിപ്പോള്‍ അദ്ദേഹത്തിനു തോന്നുണ്ടാകും. ജയിലില്‍ കിടന്നിരുന്നെങ്കില്‍ ഈ വക അലമ്പൊന്നും ഉണ്ടാകില്ലായിരുന്നു. മൂത്ത കൊമ്പനാണോ ഇളയ കൊമ്പനാണോ തലയെടുപ്പ് എന്നതാണു തര്‍ക്കം. പത്തനാപുരത്ത് രണ്ടു കൊമ്പന്‍മാരും കൊമ്പു കോര്‍ത്ത് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

ഈ കുഴികളൊക്കെ ചാടിക്കടന്നു വേണം ഇനി നെയ്യാറ്റിന്‍കരയിലേക്ക് പോകാന്‍ . സെല്‍വരാജിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാം എന്നതാണു കരാര്‍.,. അത് പാലിക്കാതെ പറ്റില്ല. തങ്ങള്‍ പറഞ്ഞത് മറ്റാനാകില്ല എന്നതുപോലെ, ഉമ്മന്‍ അത് പറഞ്ഞു പോയി. ഇനി മാറ്റാന്‍ ആകില്ല. ഉറച്ച യു ഡി എഫ് മണ്ഡലത്തില്‍ ഇടതുപക്ഷത്തു നിന്നും  ചാടി വന്നയാളെ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിക്കേണ്ട ഗതികേടിലാണു  കോണ്‍ഗ്രസ് പാര്‍ട്ടി.  ഉറച്ച മണ്ഡലമായ കണ്ണുരും ഇതുപോലൊരു ഗതികേടുണ്ടായി. സി പി എമ്മില്‍ നിന്നു  ചാടി വന്ന അബ്ദുള്ളക്കുട്ടിയെ ചുമക്കേണ്ടി വന്നു. അബ്ദുള്ളക്കുട്ടി ഇല്ലെങ്കിലും കണ്ണൂര്, കോണ്‍ഗ്ഗ്രസ് ജയിക്കുമായിരുന്നു എന്നതൊന്നും  കോണ്‍ഗ്രസിനു പ്രശ്നമല്ല.

ഇപ്പോള്‍ മന്ത്രിസഭയില്‍ ആകെയുള്ള 19 പേരില്‍ 10 പേരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണ്. ക്യബിനറ്റ് റാങ്കുള്ള  ചീഫ് വിപ്പും നൂനപക്ഷസമുദായത്തില്‍ നിന്നാണ്. അനൂപും അലിയും കൂടി മന്ത്രിമാരാകുമ്പോള്‍ അവരുടെ സംഖ്യ 12 ആകും. അങ്ങനെ പണ്ട് ആന്റണി പറഞ്ഞത് അപ്പാടെ അന്വര്‍ത്ഥമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീക്ഷണിയിലൂടെ പലതും നേടി എടുക്കുന്നു. മറ്റെന്തൊക്കെ തള്ളിക്കളഞ്ഞാലും അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് ഭീക്ഷണിപ്പെടുത്തുന്നുണ്ട് എന്നത്  ആര്‍ക്കം ​നിഷേധിക്കാനാകില്ല.



Saturday 24 March 2012

ഇനി കേരളത്തില്‍ സൌരോര്‍ജ്ജ യുഗം 

കേരള സര്‍ക്കാര്‍ വളരെ നല്ല ഒരു തീരുമാനം എടുത്തിരിക്കുന്നു. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന  സൌരോര്‍ജ്ജ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അത്രയും സബ്സിഡി നല്‍കുക എന്നതാണാ തീരുമാനം. വ്യക്തികള്‍ ചെലവാക്കേണ്ട തുക മൂന്നിലൊന്നേ വരുന്നുള്ളു. ഇത് സംബന്ധിച്ച് ഡോ ആര്‍ വി ജി മേനോന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍.

ചൈന സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ച് വില്‍പ്പന തുടങ്ങിയപ്പോള്‍ പാനലിന്റെ വില നാലിലൊന്നായി കുറഞ്ഞു. ഇന്ന് ഒരു കിലോവട്ട് ശേഷിയുള്ള ഒരു യൂണിറ്റ് വീടുകളില്‍ സ്ഥാപിക്കാന്‍ ഒന്നര ലക്ഷം രൂപയേ വേണ്ടൂ. സബ്സിഡി കഴിച്ച് വ്യക്തികള്‍ ചെലവാക്കേണ്ട തുക 50000 മാത്രം.

കേരളത്തില്‍ ഏതാണ്ടു പത്തുലക്ഷം വീടുകളെങ്കിലും വേണമെങ്കില്‍ പുരപ്പുറ സൌരോര്‍ജ പ്ലാന്റുകള്‍ വയ്ക്കാന്‍ സാധ്യത ഉള്ളവയാണ്.  അവര്‍ ശരാശരി ഓരോ കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ വച്ചാല്‍ അവയില്‍നിന്ന് ഏതാണ്ട് 1000 മെഗാവാട്ടിനു തുല്യമായ വൈദ്യുതി ഉല്‍പാദനം നടത്താം!

പുരപ്പുറത്തു സ്ഥാപിക്കാവുന്ന സോളാര്‍ പാനലുകള്‍ വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു നല്‍കുകയും ആവശ്യമുള്ളപ്പോള്‍ ലൈനില്‍ നിന്നു വൈദ്യുതി എടുക്കുകയും ചെയ്യാവുന്ന സംവിധാനം കേരളത്തിലെ വീടുകളില്‍ തുടങ്ങുന്നതിനു വേണ്ട ചെലവിന്റെ മൂന്നിലൊന്നു കേന്ദ്ര സര്‍ക്കാരും മൂന്നിലൊന്നു സംസ്ഥാന സര്‍ക്കാരും വഹിക്കും


പകല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ബോര്‍ഡിനു കൊടുത്തിട്ട്, രാത്രിയില്‍ ബോര്‍ഡില്‍ നിന്നും തിരികെ വാങ്ങാം.


 സോളാര്‍ പാനല്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യുന്ന യുപിഎസ്സുകള്‍ അഥവാ, ഇന്‍വെര്‍ട്ടറുകള്‍ പ്രോല്‍സാഹിപ്പിക്കാം.പകല്‍ സമയത്തുത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്നത്  കൊണ്ട്  ബാറ്ററി ചാര്‍ജ് ചെയ്യുകയും  രാത്രിയില്‍  ലൈനില്‍ നിന്നു വൈദ്യുതി എടുക്കാതെ സ്വന്തം പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം.


പരിസരമലിനീകരണം  ഇല്ല, പ്രസാരണ നഷ്ടം ഇല്ല. ആണവനിലയമോ അണക്കെട്ടോ പൊട്ടിത്തെറിക്കുമെന്ന പേടിയും വേണ്ട. എന്നിങ്ങനെ ഗുണങ്ങള്‍ ഏറെയുണ്ട്.






ഫലശ്രുതി


പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫ് ജയിച്ചു. അതും  നല്ല ഭൂരിപക്ഷത്തോടെ. പല വിശകലങ്ങളുമുണ്ടായി.  എല്‍ ഡി എഫ് പരാജയപ്പെട്ടതിനു പല വിശദീകരണങ്ങളുമുണ്ടായി.

അതില്‍ പ്രധാനപ്പെട്ടത്  "പിറവം പരമ്പരാഗത യു ഡി എഫ് മണ്ഡലമായിരുന്നു. അതുകൊണ്ട് അവര്‍ ജയിച്ചു" എന്നതാണ്. എന്നു വച്ചാല്‍  പരമ്പരാഗത യു ഡി എഫ് മണ്ഡലങ്ങളില്‍, എല്‍ ഡി എഫിനു ജയിക്കേണ്ട എന്നാണര്‍ത്ഥം. അതപ്പാടെ വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ഇവിടെ ജയിക്കാന്‍ വേണ്ടിതന്നെയാണ്, എണ്ണയിട്ട യന്ത്രം പോലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ ഡി എഫിന്റെയും വിശേഷിച്ച് സി പി എമ്മിന്റെയും സര്‍വസന്നാഹങ്ങളും  ഇവിടെ ഉപയോഗപെടുത്തിയിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് പോലെയാണീ തെരഞ്ഞെടുപ്പിനെ സി പി എം നേരിട്ടത്. യു ഡി എഫും അത് തന്നെ ചെയ്തു.

എറണാകുളം  ജില്ലയിലോ അടുത്ത ജില്ലകളിലോ ഈ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ആരുമില്ലാത്തതുപോലെ കണ്ണൂരുനിന്നും പല നേതാക്കളെയും ഇറക്കുമതി ചെയ്താണീ അങ്കം അവര്‍ വെട്ടിയതും. പക്ഷെ അതുകൊണ്ട് ഗുണം ഒന്നും ഉണ്ടായില്ല എന്നു മാത്രം.

കഴിഞ്ഞതെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ ഡി എഫിന്, 4000 വോട്ടുകളും യു ഡി എഫിനു 16000 വോട്ടുകളും കൂടുതല്‍ ഇത്തവണ കിട്ടി. എന്നു വച്ചാല്‍ ഇത്തവണ കൂടുതലായി ചെയ്യപ്പെട്ട  20000 വോട്ടുകളില്‍ അഞ്ചിലൊന്നേ  എല്‍ ഡിഫിന്, ആകര്‍ഷിക്കാന്‍ ആയുള്ളു. ഇതില്‍ കഴിഞ്ഞ തവണ വോട്ടു ചെയ്യാതിരുന്നവരുണ്ട്. പുതുതായി വോട്ടവകാശം ലഭിച്ചവരുണ്ട്.

എന്തുകൊണ്ടായിരിക്കാം ഇത് സംഭവിച്ചത്?


 ഒരു പരമ്പരാഗത യു ഡി എഫ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ എല്‍ ഡി എഫിനു വോട്ടു ചെയ്യണമെങ്കില്‍ അതിനു പല കാരണങ്ങളുമുണ്ട്.

2006 ലെ തെരഞ്ഞെടുപ്പില്‍ റ്റി എം ജേക്കബ് പരാജയപ്പെടാനും 2011ല്‍ കഷ്ടിച്ച് കടന്നു കൂടാനുമുണ്ടായ  കാരണം, അദ്ദേഹത്തിന്റെ ഡി ഐ സി ബന്ധം കാരണം കോണ്‍ഗ്രസുകാര്‍ക്കുണ്ടായ നീരസമാണെന്നൊക്കെ വെറും അടിസ്ഥാനമില്ലാത്ത ഉപരിപ്ളവമായ  വിശദീകരണമാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍  വി എസിനെ മുഖ്യമന്ത്രിയാക്കാന്‍ കേരളത്തിലെ ജനത ആഗ്രഹിച്ചു. എല്‍ ഡി എഫ് തരംഗമുണ്ടായി. റ്റി എം ജേക്കബ് മാത്രമല്ല. മറ്റ് പല പ്രമുഖ യു ഡി എഫ് നേതാക്കളും അന്ന് പരാജയപ്പെട്ടു. യു ഡി എഫിന്റെ ഉറച്ച പല മണ്ഡലങ്ങളും അന്ന് സി പി എമ്മിനെ ജയിപ്പിച്ചു. മലപ്പുറം ജില്ലയില്‍ പോലും മുസ്ലിം ലീഗിന്റെ അത്ര സീറ്റുകള്‍ ഇടതുപക്ഷം നേടി.  2011ല്‍ വി എസിനെ ആരോഗ്യപരമായ കരണങ്ങളാല്‍  സി പി എം ഒഴിവാക്കുകയും പിന്നീട്, പോളിറ്റ് ബ്യൂറോ ഇടപെട്ട് മത്സരിപ്പിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളില്‍ സന്ദേഹമുണ്ടായി.  ചെറുപ്പക്കാരായ പല നേതാക്കളേക്കാളും ചുറുചുറുക്കോടെ കേരളം മുഴുവന്‍ ഓടി നടന്ന വി എസിനു ആരോഗ്യമില്ലെന്നു പറഞ്ഞവരുടെ തല പരിശോധിക്കണമെന്ന് വോട്ടര്‍മാരില്‍ ഒരു വിഭാഗം കരുതിയിരിക്കാം. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. നിയോജക മണ്ഢല പുനര്‍നിര്‍ണ്ണയം നടന്നില്ലായിരുന്നെങ്കില്‍  മലപ്പുറത്ത് നാലു സീറ്റുകള്‍  അധികം വരില്ലായിരുന്നു. മറ്റ് പല ജില്ലകളിലും സീറ്റുകള്‍ കുറയില്ലായിരുന്നു. അത് സഹായിച്ചത് യു ഡി എഫിനെയാണ്. ഉറച്ച ഇടതുപക്ഷ മണ്ഡലങ്ങളെന്നു കരുതിയിരുന്ന പല മണ്ഡലങ്ങളും  പിടിപ്പുകേടും മറ്റ് പല അനാവശ്യ പ്രവണതകളും കൊണ്ട് ഇടപക്ഷത്തിനു നഷ്ടപ്പെട്ടു. പാറശാല പോലെ. ജയിക്കേണ്ടിയിരുന്ന ഒരു തെരഞ്ഞെട്പ്പ് അങ്ങനെ എല്‍ ഡി എഫ് തോറ്റു.  പലയിടത്തും യു ഡി എഫ് നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. അതില്‍ ഒരു മണ്ഡലം പിറവവുമായിരുന്നു. ഈ യാഥര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നവരാണ്, ഡി ഐ സി വിഷയം പിറവത്തുന്നയിക്കുന്നതും.

പിറവത്തെ വോട്ടര്‍മാരെ യു ഡി എഫിനനുകൂലമായി ചിന്തിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചതിനു പല കാരണങ്ങളുമുണ്ട്.

ഒരു ഭരണമാറ്റം ഇപ്പോള്‍ സി പി എം ആഗ്രഹിക്കുന്നില്ല എന്നതാണതില്‍ പ്രധാനം. വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും  മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും പിണറായി വിജയയനതില്‍ വിജയിച്ചില്ല. അദ്ദേഹത്തെ ഒറ്റുകാരന്‍  എന്നും വര്‍ഗ്ഗവഞ്ചകന്‍ എന്നും ചതിയന്‍ എന്നുമൊക്കെ കേന്ദ്ര നേതാക്കളുടെ മുന്നില്‍ വച്ച് ശിങ്കിടികളേക്കൊണ്ട് പറയിപ്പിച്ചിട്ടും, അദ്ദേഹത്തിനു ക്യാപിറ്റല്‍ പണീഷ്മെന്റ് നല്‍ക്കണമെന്നാഗ്രഹിച്ചിട്ടും നടന്നില്ല.  ഒരു ഭരണമാറ്റമുണ്ടായാല്‍ വി എസ് തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന സത്യം പിണറായിക്കു സഹിക്കാന്‍ ആകുന്നില്ല. അതുകൊണ്ട് ഭരണമാറ്റം ഉണ്ടാകില്ല എന്നും, ഉമ്മന്‍ ചാണ്ടിസര്‍ക്കാരിനെ മറിച്ചിടില്ല എന്നും  പല പ്രാവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.പിന്നെന്തിന്‌ പിറവത്തെ വോട്ടര്‍മാര്‍  എം ജെ ജേക്കബിനെ ജയിപ്പിക്കണം എന്ന് ആലോചിച്ചു.  അനൂപ് ജയിച്ച് വന്നാല്‍ മന്ത്രി ആണെന്ന ഉറപ്പുണ്ട്. ഒരു എം എല്‍ എക്ക് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കര്യങ്ങള്‍ ഒരു മന്ത്രിക്ക്  ചെയ്യാനാകും എന്നറിയാന്‍ ആരും സ്റ്റഡി ക്ളാസിലൊന്നും പോകേണ്ട. ഒരു പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യേണ്ടിയിരുന്ന നിഷ്പക്ഷരായ പലരും  ​ഈ സാഹചര്യത്തില്‍  യു ഡി എഫിനു വോട്ടു ചെയ്തു. അതിനവരെ കുറ്റം പറയേണ്ടതുമില്ല. അങ്ങനെ എല്‍  ഡി  എഫിനു വരേണ്ടിയിരുന്ന പല വോട്ടുകളം ​യു ഡി എഫിനു പോയി. അതിനുത്തരവാദി പിണറായി വിജയന്‍ മാത്രം. നിഷ്പക്ഷ വോട്ടര്‍മാരെ  ഇടതുപക്ഷത്തുനിന്ന് അകറ്റിയത് പിണറായി വിജയന്റെ ആ ഒറ്റ പ്രസ്താവനയാണ്. പല ജനവിരുദ്ധ നയങ്ങളം ​നടപ്പിലാക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള പ്രതിക്ഷേധമൊക്കെ അവര്‍ തല്‍ക്കാലം മറന്നു. അവര്‍ ചിന്തിച്ചത് പ്രയോഗികമായിട്ടായിരുന്നു. വോട്ട് വെറുതെ പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണവര്‍ കരുതിയത്. നിഷപക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പിണറയി വിജയനു സാധിക്കാത്തത് അദ്ദേഹത്തിന്റെ പോരായ്മ തന്നെയാണ്.വെറുതെ വോട്ട് ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ അവര്‍ വോട്ടു ചെയ്യില്ല. അതിന്റെ കാരണം കൂടി അവര്‍ക്ക് ബോദ്ധ്യപ്പെടണം. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയനതിനു കഴിയാതെ പോയി.

ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന, ജന ജീവിതം ദുസഹമാക്കുന്ന ഒരു സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ്, പ്രതിബദ്ധതയുള്ള ഒരു പ്രതിപക്ഷത്തിന്റെ കടമ. അവര്‍ അത് മറന്നാല്‍ പിന്നെ എന്തിനു വോട്ടര്‍മാര്‍ അതോര്‍ക്കണം? സെല്‍വരാജിന്റെ കാര്യത്തില്‍ സംഭവിച്ചതിലും ഈ വിഷയം ഉണ്ട്. അച്ചടക്കത്തിന്റെ വാള്‍മുനയിലാണദ്ദേഹം. പാറശാലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടി വച്ച് അ ദ്ദേഹത്തെ ക്യാപിറ്റല്‍ പണീഷ്മെന്റിനു വിധേയനാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടിയെ അഞ്ചുവര്‍ഷവും ഭരിക്കാന്‍ അനുവദിക്കലാണു പിണറായി വിജയന്റെ ഉദ്ദേശ്യം. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ എന്തായാലും സെല്‍വരാജിനു സീറ്റു കിട്ടില്ല. മാത്രമല്ല രാഷ്ട്രീയ വനവാസവും വിധിച്ചേക്കാം. ഇപ്പോള്‍ പുറത്തു ചാടുന്നതാണു ബുദ്ധി എന്നദ്ദേഹം ചിന്തിച്ചു. പുറത്ത് ചാടി. ഇനി യു ഡി എഫ് സ്വതന്ത്രനായി നെയ്യാറ്റിന്‍കരയില്‍ മത്സരിക്കും. മറ്റൊരു ഉറച്ച യു ഡി എഫ് മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍..  ഇനി കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.

എറണാകുളത്തെ സി പി എമ്മിനുള്ളിലെ പ്രശ്നങ്ങളും ,നിഷ്പക്ഷവോട്ടുകളും കുറച്ച് പാര്‍ട്ടി വോട്ടുകളും, നഷ്ടമാക്കുന്നതിലേക്ക് നയിച്ചു. വി എസിനു ശക്തമായ സ്വാധീനമുള്ള ജില്ലയാണ്, എറണാകുളം. അനാശാസ്യത്തിലേര്‍പ്പെട്ട ജില്ല സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയന്റേത്. അതിഷ്ടപ്പെടാത്ത അനേകം പാര്‍ട്ടി അംഗങ്ങളം ​അനുഭാവികളും ജില്ലയിലുണ്ട്. പിറവത്തുണ്ട്. ജില്ലസെക്രട്ടറിക്ക് ഗത്യന്തരമില്ലാതെ മാറിനില്‍ക്കേണ്ടി വനപ്പോള്‍, കണ്ണൂരു നിന്നൊരാളെ അവിടെ പ്രതിഷ്ടിച്ചു. അതൊന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. പാര്‍ട്ടി അംഗങ്ങള്‍ അച്ചടക്കത്തിന്റെ പേരില്‍ ഇതൊക്കെ അനുസരിച്ചാലും, അനുഭാവികളും, നിഷ്പക്ഷരും അംഗീകരിക്കില്ല. അതൊക്കെ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടിയില്‍ പ്രതിഫലിക്കും.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ മൊത്തം ചുമതല കണ്ണൂരുനിന്നുള്ള നേതാക്കളെ ആണേല്‍പ്പിച്ചതും. അവിടെ തന്നെ ആദ്യ ചുവടു പിഴച്ചു. എറണാകുളം ജില്ലയില്‍ കഴിവുള്ള നേതാക്കളുണ്ട്. അവരെ ഏല്‍പ്പിച്ചില്ല.  സമീപ ജില്ലയിലുണ്ട്  വൈക്കം വിശ്വനും, സുരേഷ് കുറുപ്പും. അവരെ ഏല്‍പ്പിച്ചില്ല.  ഒരു ഇവന്റ് മാനേജ്മെന്റ് നടത്തുന്നതുപോലെ, പുറത്തു നിന്നുള്ളവരെ ആണിതേല്‍പ്പിച്ചതും. കണൂരുള്ളവര്‍ക്ക് പിറവത്തെ  വോട്ടര്‍മാരെ എങ്ങനെ അറിയാനാണ്. അത് യു ഡി എഫിനു വിമര്‍ശിക്കാനും വോട്ടര്‍മാര്‍ക്ക് എതിരാകാനും കാരണമായി. നിഷ്പക്ഷ വോട്ടര്‍മാര്‍ക്ക് കണ്ണൂരു നിന്നുള്ള പാര്‍ട്ടി നേതാക്കളോട് യാതൊരു മമതയുമില്ല. കുറച്ച് വെറുപ്പുമുണ്ട് എന്നതൊക്കെ യാഥാര്‍ത്ഥ്യമാണ്. അതൊന്നും പിണറായി വിജയനോ കൂടെയുള്ളവരോ അംഗീകരിക്കില്ല.  താഴെ തട്ടില്‍ നിന്നും നേതാക്കള്‍ എത്ര അകന്നു നില്‍ക്കുന്നു എന്നതിന്റെ തെളിവാണത്.  സത്യം പറഞ്ഞാല്‍ ക്രൂശിക്കും, നോട്ടപ്പുള്ളിയാക്കും, ശിക്ഷിക്കും, പുറത്താക്കും എന്നതാണിപ്പോള്‍ സി പി എമ്മിനുള്ളിലെ അവസ്ഥ. കുറഞ്ഞപക്ഷം അധിക്ഷേപിക്കുകയെങ്കിലും ചെയ്യും. വി എസിനെ ഒറ്റുകാരന്‍ എന്നും വര്‍ഗ്ഗവഞ്ചകന്‍ എന്നും ചതിയനെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചപ്പോള്‍, അത് ശരിയായ നടപടി അല്ല എന്നു പറഞ്ഞ കൃഷ്ണപ്രസാദിനെ, വയനാടു ജില്ലയുടെ വലുപ്പം ​പറഞ്ഞായിരുന്നു പിണറായി വിജയന്‍ അധിക്ഷേപിച്ചത്. അതുകൊണ്ട് ആരും സത്യം പറയാന്‍ ധൈര്യപ്പെടുന്നില്ല. മിണ്ടാതിരുന്ന് തടി കയിച്ചലാക്കുന്നു.  സെല്‍വരാജിന്റെ നീക്കങ്ങള്‍ പാര്‍ട്ടി അറിയാതെ പോയത് ഈ അകല്‍ച്ച കാരണമാണ്. രാജിവച്ചു കഴിഞ്ഞിട്ടേ പാര്‍ട്ടി നേതാക്കള്‍ അതറിഞ്ഞുള്ളു.

പക്ഷെ ഇതൊന്നും പിണറായി വിജയന്‍ അംഗീകരിക്കില്ല.  അതുകൊണ്ട് സംസ്ഥാന നേതാക്കളും അംഗീകരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ ചിത്രം വച്ച പോസ്റ്റര്‍ പതിപ്പിച്ചും അദ്ദേഹത്തെ സ്വന്തം മണ്ഡലങ്ങളില്‍  കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയം നേടിയവര്‍  പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചു. പാർട്ടി കേന്ദ്ര നേതൃത്വം പോലും  വിജയത്തില്‍ വി എസിനുള്ള  പങ്കിനെ  അംഗീകരിച്ചിട്ടും പിണറായി വിജയനതംഗീകരിക്കാന്‍ മടിയാണ്. അതാണിപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന കേരള സി പി എം. അതുകൊണ്ട് അവര്‍ പിറവം പരാജയത്തിനു കാരണങ്ങള്‍ വേറെ കണ്ടുപിടിക്കുന്നു. മദ്യം പണം, ജാതി മത ശക്തികള്‍ എന്നൊക്കെ  പറഞ്ഞു കൊണ്ടിരിക്കും. യേശുവിനെ വിപ്ളവനായകാനായും, കമ്യൂണിസ്റ്റായും അവതരിപ്പിക്കുന്നതും ഇതേ മത ശക്തിയെ പ്രീണിപ്പിക്കാന്‍ അല്ലേ എന്നു ചോദിച്ചാല്‍, ഉത്തരം ഉണ്ടാകില്ല.

Monday 19 March 2012

മൈദ ; മിഥ്യയും സത്യവും



ഇതിന്റെ തലക്കെട്ട് കടം കൊണ്ടതാണ്.

മൈദ സത്യവും മിഥ്യയും എന്ന പേരില്‍ ശ്രീ കെ പി സുകുമാരന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. പക്ഷെ അവിടെ ആദ്യം  അഭിപ്രായങ്ങള്‍ എഴുതാന്‍ അനുവദിച്ചിച്ചിരുന്നില്ല. പിന്നീട് അനുവദിക്കുകയും ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. വിചിത്രമെന്നു പറയട്ടെ ഇപ്പോള്‍ വീണ്ടും കമ്ന്റ് ഓപ്ഷന്‍ എടുത്തു കളഞ്ഞിരിക്കുന്നു. കുറച്ചു  ദിവസങ്ങള്‍ക്ക് മുമ്പെ മൈദയേപ്പറ്റി തന്നെ മറ്റൊരു ലേഖനം അദ്ദേഹം എഴുതിയിരുന്നു. പലരും  ​അഭിപ്രായങ്ങള്‍ എഴുതിയ ആ പോസ്റ്റ് നീക്കം ചെയ്തിട്ടാണു പുതിയ പോസ്റ്റ് എഴുതിയിരുന്നതും.

പ്രകൃതിജീവനക്കാര്‍ പരത്തുന്ന ഒരു ലഘുലേഖയാണു വിഷയം. മൈദ ആരോഗ്യകരമായ ഭക്ഷണമാണോ എന്ന ചോദ്യത്തിനു  പ്രകൃതിജീവനക്കാരുടെ ഭാഗത്തു നിന്നും ഉള്ള ചില അഭിപ്രായങ്ങളാണു ശ്രീ സുകുമാരന്റെ ലേഖനത്തിനടിസ്ഥാനം. ആ ലഘുലേഖയിലേത് പലതും അതിശയോക്തിപരമായിട്ടു തന്നെയാണ്. പക്ഷെ അതിനോടുള്ള സുകുമാരന്റെ പ്രതികരണം അര്‍ത്ഥ സത്യങ്ങളും അസത്യങ്ങളും നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അവയില്‍ ചിലതിനോടുള്ള പ്രതികരണമാണീ പോസ്റ്റ്.

ശ്രീ സുകുമാരന്‍ പരാമര്‍ശിച്ച ചില വിഷയങ്ങളിലേക്ക്.

>>>>>മൈദയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്ന് അത് ഗോദമ്പില്‍ നിന്ന് ആട്ടയും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന വേസ്റ്റ് അല്ലെങ്കില്‍ ചണ്ടിയാണ് എന്നതാണ്.  പിന്നെ പറയുന്നത് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നുമില്ല എന്നതാണ്.<<<<<<<<

ഇത് രണ്ടും ആരുടെ ഭാഗത്തുനിന്നുണ്ടായതാണെങ്കിലും അതിശയോക്തിപരമായ പരാമര്‍ശങ്ങളാണ്. മൈദ വെറും ചണ്ടിയാണെന്നോ, മൈദയില്‍ പോക്ഷകങ്ങള്‍ ഒന്നുമില്ല എന്നോ ആരെങ്കിലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. പോക്ഷകങ്ങള്‍ കൂടുതലുള്ള ഭാഗങ്ങളൊക്കെ നീക്കം ചെയ്ത് ബാക്കി വരുന്നതാണു മൈദ. അതില്‍ ഭൂരിഭാഗവും അന്നജം മാത്രമേ ഉള്ളു.


അതിന്റെ ഘടന ഇങ്ങനെ.






ഇതിലെ Endosperm എന്ന ഭാഗമാണ്, മൈദയില്‍ 99%. മറ്റുള്ളഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്.

White flour uses only the endosperm, while whole wheat flour combines all three layers.

Unlike traditional stone mills that slowly ground flour, modern, high-temperature, and high-speed roller mills are designed for mass production. The roller mill-produced flour is virtually all starch and retains only a small fraction of the nutrients originally found in wheat.

With the bran and germ removed, white flour essentially becomes a form of sugar. The nutrients lost in the refining process include:
• Almost all of the vitamin E
• 50 percent of the unsaturated fatty acids
• 50 percent of the calcium
• 70 percent of the phosphorus
• 80 percent of the iron
• 90 percent of the magnesium
• 50 to 80 percent of the B vitamins

Even commercial whole wheat flour loses a fair amount of nutritional value due to aggressive processing.


White flour


75% of the wheat grain is extracted. Most of the bran and the germ are sifted away leaving mostly the endosperm. This results in a loss of  22 vitamins/minerals, and dietary fiber.
At present 38 states in USA require the  white flour to be enriched with iron and the B vitamins thiamin, riboflavin, and niacin. In India, no products are enriched in this manner at present.

മൈദ വെറും ചണ്ടി മാത്രമല്ല. പക്ഷെ  മറ്റ് പോക്ഷകങ്ങളില്‍ ഭൂരിഭാഗവും നീക്കം ചെയ്ത് 77-85%  അന്നജവും 15-23 % പ്രോട്ടീനും  മാത്രമേ മൈദയിലുള്ളു. ഈ പ്രോട്ടീന്‍ ശരീരത്തിനു പ്രത്യേകിച്ചു ഗുണമുള്ളതുമല്ല. കപ്പ തിന്നുന്ന ഗുണമേ മൈദ തിന്നാല്‍ ലഭിക്കൂ.  അതിലപ്പുറം പോക്ഷകഗുണമൊന്നും മൈദയില്‍ ഇല്ല.

സുകുമാരന്‍ എഴുതുന്നു. 

>>>>>ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നത് പ്രധാനമായും സാംസ്കാരിക - രുചി ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. മൈദ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ഗോദമ്പ് മാവ് കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. ബേക്കറി ഉല്പന്നങ്ങള്‍ എല്ലാം മൈദ ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നത്. നമ്മള്‍ സാധാരണ കഴിക്കുന്ന ബ്രഡ് അഥവാ റൊട്ടിയുടെ കാര്യം എടുക്കാം.  മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് ആണ് എല്ലാവര്‍ക്കും ഇഷ്ടം. ആട്ട കൊണ്ടു ഉണ്ടാക്കുന്ന ബ്രൌണ്‍ റൊട്ടിയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല.  ബേക്കറിയില്‍ പോയാല്‍ വൈറ്റ് റൊട്ടി മാത്രമേ ആളുകള്‍ വാങ്ങുകയുള്ളൂ. ഗോദമ്പ് മാവ് കൊണ്ടോ ആട്ട കൊണ്ടോ ഉണ്ടാക്കാന്‍ കഴിയാത്ത പല പലഹാരങ്ങള്‍ മൈദ കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. അത്കൊണ്ടാണ് മൈദയെ All purpose flour എന്നു പറയുന്നത്.<<<<<< 


ഗോതമ്പില്‍ നിന്നും മൈദ ഉണ്ടാക്കുന്നതിന്, സംസ്കാരമായോ രുചിയുമായോ യാതൊരു ബന്ധവുമില്ല. കാട്ടുജാതിക്കാര്‍ അല്ലാത്ത മനുഷ്യരുടെ പ്രധാന ആഹാരം ഇന്ന് സ്റ്റാര്‍ച്ച് അടങ്ങിയ ധാന്യങ്ങളാണ്. ഓരോ പ്രദേശത്തും വളരുന്ന ധാന്യങ്ങള്‍ അവര്‍ ആഹരിക്കുന്നു. കേരളത്തില്‍ ചരിത്രാതീത കാലം മുതലേ നെല്ല് കൃഷി ചെയ്യുന്നു. അതുകൊണ്ട് അരി പ്രധാന ആഹാരമായി. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പ് കൃഷി ചെയ്യുന്നു. അതുകൊണ്ട് ഗോതമ്പ് പ്രധാന ആഹാരമായി. അരികൊണ്ട്, ചോറും മറ്റ് പലഹാരങ്ങളുമുണ്ടാക്കുന്നതുപോലെ,  ഗോതമ്പു കൊണ്ടും പല പലഹാരങ്ങളുമുണ്ടായി. അരി കൊണ്ട് പുട്ടുണ്ടാക്കുന്നു എന്നതുപോലെ ഗോതമ്പു കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവം മാത്രമാണ്‌ പൊറോട്ട. 

മനുഷ്യരുടെ ആഹാരരീതി ലഭ്യതയും ശീലവുമായി ബന്ധപ്പെട്ടതാണ്. കേരളത്തില്‍ തന്നെയുള്ള പണക്കാര്‍ ദിവസവും മാംസം കഴിക്കുന്നു. പണമില്ലാത്തവര്‍  കഴിക്കുന്നില്ല. കടല്‍ തീരത്തു ജീവിക്കുന്നവര്‍ മത്സ്യം കൂടുതല്‍ കഴിക്കുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചപ്പാത്തിയോ പോറോട്ടയോ കേരളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.  ഗോതമ്പില്‍ നിന്നു മൈദ ഉണ്ടാക്കിയിരുന്നില്ല എന്നു കരുതി അവര്‍ സംസ്കാരികമായി വ്യത്യസ്ഥരായിരുന്നു എന്നോ രുചികരമായ ഭക്ഷണം അവര്‍ കഴിച്ചിരുന്നില്ല എന്നോ അര്‍ത്ഥമില്ല. രുചി ആപേക്ഷികം മാത്രമാണ്. മലയാളികള്‍ക്ക് രുചികരമായ ഭക്ഷണം പഞ്ചാബികള്‍ക്ക് രുചികരമായി തോന്നില്ല. മസാല ചേര്‍ത്ത  കറി സായിപ്പിനു രുചികരമായി തോന്നില്ല. മുതിര്‍ന്നവരുടെ ഭക്ഷണത്തിന്റെ രുചി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു വരില്ല.  പക്ഷെ കഴിച്ച് ശീലിക്കുമ്പോള്‍ രുചികരമായി തോന്നും. നല്ല എരിവുള്ള ഭക്ഷണം കഴിച്ചാല്‍ സായിപ്പിനു പെട്ടെന്ന് അസിഡിറ്റി ഉണ്ടാകാം. പക്ഷെ ഭൂരിഭാഗം മലയാളികള്‍ക്കും ഉണ്ടാകില്ല.

ഗോതമ്പ് പൊടിച്ച് ബ്ളീച്ച് ചെയ്യാതെ ഉണ്ടാക്കുന്ന  പൊറോട്ടക്ക് രുചിയില്ല. പക്ഷെ ബ്ളീച്ച്  ചെയ്തുണ്ടാക്കുന്നതിനു രുചിയുണ്ട് എന്നാണു സുകുമാരന്റെ അഭിപ്രായം. എന്നു വച്ചാല്‍ അത് കൃത്രിമമായി ഉണ്ടാക്കുന്ന രുചിയാണെന്ന്. 

രുചികരമായ ഭക്ഷണം ആളുകള്‍ ഇഷ്ടപ്പെടും. പക്ഷെ അതൊക്കെ എപ്പോഴും ആരോഗ്യകരമായിക്കൊള്ളണമെന്നില്ല. കൊച്ചുകുട്ടികള്‍ക്ക് ഏറ്റവും രുചികരമായത് ചോക്ളേറ്റായിരിക്കും. എന്നു കരുതി ആരുമവര്‍ക്ക് ദിവസേന ചോക്ളേറ്റ് കൊടുക്കാറില്ല. വൈറ്റ് ബ്റെഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിന്റെ പോക്ഷകത്തേക്കുറിച്ച് ശരിയായ ധാരണയില്ല. ഇഷ്ടപ്പെടുന്നതിനെ ഒക്കെ അനുവദിക്കുകയുമംഗീകരിക്കുകയും ചെയ്യുക എന്നത് ശരിയായ സമീപനവുമല്ല.

ബ്ളീച്ച് ചെയ്ത് വെളുപ്പിച്ച് കിട്ടുന്ന മൈദയെയാണ്, all purpose flour എന്നു വിളിക്കുന്നത് എന്ന അഭിപ്രായം   സുകുമാരന്റെ വിവരക്കേടാണെന്ന് പറയേണ്ടി വരും. All purpose flour എന്നത് പൊറോട്ട ഉണ്ടാക്കുന്ന മൈദയല്ല. ഒരു പ്രത്യേക രീതിയില്‍  ഉണ്ടാക്കുന്ന ഗോതമ്പു പൊടിയാണ്. 

മൈദ  ലഭിക്കുന്നത് ഗോതമ്പിലെ  Endosperm പൊടിച്ചെടുത്തിട്ടാണ്. അത് പൊടിച്ചെടുക്കുമ്പോള്‍ ഇളം മഞ്ഞനിറമുണ്ടതിന്. അതിന്‌ ആകര്‍ഷകമായ  വെളുത്തനിറമുണ്ടാക്കാനും മാര്‍ദ്ദവമുണ്ടാക്കാനും  രണ്ടു രീതികള്‍ ഉപയോഗിക്കുന്നുണ്ട്. വെറുതെ കുറച്ചു നാളുകള്‍ സൂക്ഷിച്ചു വയ്ക്കുക. അല്ലെങ്കില്‍ ബ്ളീച്ച് ചെയ്ത് ഉടന്‍ ഉപയോഗിക്കുക.   മാര്‍ദ്ദവം ആവശ്യമുള്ളത് കേക്കുകളും മറ്റ് പലഹാരങ്ങളും ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. 

പണ്ടൊക്കെ ആളുകള്‍  മൈദ വെറുതെ സൂക്ഷിച്ചു വച്ച് മാര്‍ദ്ദവവും വെളുത്ത നിറവുമുണ്ടാക്കി, കേക്കുകളും മറ്റും ഉണ്ടാക്കിയിരുന്നു. ഇന്ന് പക്ഷെ കച്ചവട താല്‍പ്പര്യം മുന്നിലേക്ക് വന്നപ്പോള്‍ സൂക്ഷിച്ചു വയ്ക്കുന്നില്ല. ഉടന്‍ ബ്ളീച്ച് ചെയ്ത് വെളുത്ത നിറവും  മാര്‍ദ്ദവവുമുണ്ടാക്കി വിറ്റഴിച്ച് അമിത ലാഭം നേടുന്നു. 

മൈദ ബ്ളീച്ച് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ അനേകമുണ്ട്.  പ്രധാനപ്പെട്ടവ

ഇതില്‍ Chlorineഉം Chlorine dioxide ഉം മൈദയിലുള്ള പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച് അലോക്സന്‍  എന്ന രാസവസ്തു ഉണ്ടാകുന്നു. ഈ രാസവസ്തു കുത്തിവച്ചാല്‍ എലികളില്‍ പ്രമേഹമുണ്ടാകുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷെ മനുഷ്യരില്‍ ഇത് സംബന്ധിച്ച ഒരു പഠനവും നടത്തിയിട്ടില്ല. നടത്താന്‍ ബുദ്ധിമുട്ടുമാണ്. മനുഷ്യരില്‍ പരീക്ഷണം നടത്താത്തതുകൊണ്ട്,  ഈ വസ്തു മനുഷ്യരില്‍ പ്രമേഹമുണ്ടാക്കും എന്നതിനു തെളിവില്ല. ഈ അവസ്ഥയാണ്, വ്യവസായ ലോബി ചൂക്ഷണം ചെയ്യുന്നത്. 

അലോക്സാനെ രക്ഷപ്പെടുത്താന്‍ വ്യവസായ ലോബിയും അവരുടെ പിണിയാളുകളും  പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം സുകുമാരനും ആവര്‍ത്തിക്കുന്നുണ്ട്.

>>>>ഗോതമ്പ് മാവ് കുറെ നാള്‍ വെച്ചുകൊണ്ടിരുന്നാലും അന്തരീക്ഷവായുവിലെ ഓക്സിജനുമായുള്ള സമ്പര്‍ക്കത്തില്‍ മാവിലെ കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറും. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത.<<<<<<

ഗോതമ്പ് പൊടിച്ചു മൈദ എടുത്ത് വച്ചിരുന്നാല്‍ അതില്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ പ്രവര്‍ത്തിച്ച് ചില മാറ്റങ്ങളുണ്ടാകും. അലോക്സന്‍ ചെറിയ അളവില്‍ ഉണ്ടാകും. പക്ഷെ അത് ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതുപോലെ പൂര്‍ണ്ണമോ വ്യാപകമോ അല്ല. ആരും ഒരു കാലാവസ്ഥയിലും ഇതുപോലെ ഗോതമ്പു പൊടിച്ച് അന്തരീക്ഷവായുവുമായി പ്രതിപ്രവര്‍ത്തിക്കാന്‍ തുറന്നു വയ്ക്കാറില്ല. അടച്ച് വായുവും പ്രാണികളും കടക്കാതെ സൂക്ഷിക്കുകയാണു പതിവ്. ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്ന വാദത്തിന്‌ അത്രവലിയ പ്രസക്തിയില്ല. ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന്റെ വളരെ ചെറിയ അംശമേ ഉണ്ടാകൂ.


കുറെ നാള്‍ ശേഖരിച്ചു വയ്ക്കുമ്പോള്‍ സ്വാഭാവികമായി മാര്‍ദ്ദവമുണ്ടാകുന്ന മൈദയിലും അലോക്സന്‍ ഉണ്ട് എന്ന് സമ്മതിച്ചാല്‍ തന്നെ,  അത് ഒരിക്കലും പ്രമേഹമുണ്ടാക്കില്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കുമോ? ഈ വിഷയത്തില്‍ ഫലപ്രദമായ ഒരു പഠനവും നടന്നിട്ടില്ല എന്നതാണു സത്യം. പഠനത്തിലൂടെ തെളിവു ലഭിച്ചില്ലെങ്കില്‍, വൈദ്യശാസ്ത്രം അംഗീകരിക്കില്ല. ആധുനിക വൈദ്യശാസ്ത്രത്തിനങ്ങനെ ഒരു കുഴപ്പമുണ്ട്. തെളിവു ലഭിക്കുന്നതു വരെ പലതും സുരക്ഷിതമാണെന്ന് പറഞ്ഞു കൊണ്ടിരിക്കും.


സുകുമാരന്‍ തുടരുന്നു. 

>>>>>>അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത  (Chemical stability) ഒരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണതിന്റെ  അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയി വിഘടിച്ചുപോകുമെന്നര്‍ത്ഥം. അതായത് മൈദയിലുള്ള അലോക്സാന്‍ വെള്ളം തട്ടിയാല്‍ വേഗം തന്നെ അലോക്സാനിക് ആസിഡ് ആയി മാറുന്നു എന്നര്‍ത്ഥം.<<<<<< 

അടിസ്ഥാനരഹിതമായ ഒരു പ്രസ്താവനയാണിത്.  അലോക്സന്റെ  രാസ സ്ഥിരത ദ്രവരൂപത്തിലാണോ  അല്ലയോ എന്നതിനെ ആശ്രയിച്ചല്ല. മീഡിയത്തിന്റെ  pH (parameter for measuring acidity) അനുസരിച്ചാണ്. കൂടിയ  pH ല്‍ അതിനു സ്ഥിരത ഇല്ല. കുറഞ്ഞ  pHല്‍ അതിനു സ്ഥിരതയുണ്ട്. അലോക്സാന്റെ സ്ഥിരത സംബന്ധിച്ച് നടത്തിയിട്ടുള്ള ഗവേഷണഫലം ലഭ്യമാണ്. 

Although  Dixon  and  Zerfas    reviewed  the  literature  and  concluded 
that  alloxan  was  stable  at  pH  7.0,  others   found  alloxan  to  be  un- 
stable  in  neutral  and  alkaline  solutions.
At  room  temperature  at  pH  7.4 the  half   life  of  alloxan  was  2.2  minutes. 


pH കുറയുന്തോറും അലോക്സന്റെ രാസ സ്ഥിരത വര്‍ദ്ധിക്കുന്നു. 

മൈദയില്‍ വെള്ളം ചേര്‍ത്തു കുഴയ്ക്കുമ്പോള്‍ അലോക്സന്‍ അലോക്സാനിക് അസിഡ് ആകും എന്നു പറയുന്നത് തെറ്റാണ്. മൈദ കേക്കുണ്ടാക്കാനായി പുളിപ്പിക്കുമ്പോള്‍ അതിന്റെ  p H കൂടും. സാധാരണ യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിക്കുന്ന ഗോതമ്പ് മാവിന്റെ pH,  5.9 മുതല്‍ 6.5 വരെ ആണ്. ഈ pH ല്‍ അലോക്സാന്‌ സ്ഥിരത കുറവാണ്.  അത് പെട്ടെന്നു നശിക്കും. പക്ഷെ പൊറോട്ട ഉണ്ടാക്കാനായി കുഴയ്ക്കുമ്പോഴോ അത് വേവിക്കുമ്പോഴോ, ഭക്ഷിച്ച് വയറ്റില്‍ ചെല്ലുമ്പോഴോ അലോക്സന്‍ നശിക്കുന്നില്ല. ആമാശയത്തിലെ  ശരാശരി  pH, 2 ആണ്. ഈ pH ല്‍ അലോക്സന്‍ ശരീരത്തിലേക്ക് അഗികരണം ചെയ്യപ്പെടാന്‍ മാത്രം  സ്ഥിരതയുള്ള വസ്തുവാണ്. 

അലോക്സന്‍ മനുഷ്യന്റെ ആമാശയത്തില്‍ നിന്നും എത്രത്തോളം ആഗികരണം ചെയ്യപ്പെടും എന്നോ അത് ഏത് തരത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നൊ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. പക്ഷെ പ്രമേഹമുള്ള  കുട്ടികളുടെ രക്തത്തില്‍ അലോക്സാന്റെ അംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Alloxan is a well-known and universally used agent for evoking experimental diabetes through its toxic effect on the B cells of the Langerhans islets. In our study, blood levels of alloxan in children with insulin-dependent diabetes mellitus were investigated. The observations were made in 68 children aged 6–15 years and in a control group of 44 healthy children in the same age range. Alloxan levels were estimated spectrophotometrically. The mean level of alloxan in blood from children with insulin-dependent diabetes mellitus was 8.76±9.64 mgrg/ml and in blood from healthy children was 1.53±1.10 mgrg/ml. 
The difference was statistically significant.


എലികളില്‍ മാത്രമല്ല, മനുഷ്യരിലും പ്രമേഹമുണ്ടാകുന്നതില്‍ അലോക്സന്, ഒരു പങ്കുണ്ടെന്നാണീ നിരീക്ഷണങ്ങള്‍ നല്‍കുന്ന സൂചന. 



അലോക്സന്‍ എലികളില്‍ പ്രമേഹമുണ്ടാക്കും എന്നു തെളിഞ്ഞതുകൊണ്ട്, അലോക്സന്‍  നല്‍കി ആരും മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തുനിയില്ല. മനുഷ്യശരീരത്തില്‍ രാസ വസ്തുക്കള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് മനസിലാക്കാനാണ്, എലികളിലും മറ്റും പരീക്ഷണങ്ങള്‍ നടത്താറുള്ളത്. എലികളിലും ഗിനി പന്നികളിലുമൊക്കെ സുരക്ഷിതമാണെന്ന് തെളിഞ്ഞതിനു ശേഷമേ മനുഷ്യരില്‍ ഏത് രാസവസ്തുവും പരീക്ഷിക്കൂ. 


സുകുമാരന്‍ തുടര്‍ന്നെഴുതുന്നു. 

>>>>>യു,എസ്സ്.ഏ. , ക്യാനഡ , ആസ്ത്രേലിയ, ചൈന , ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട്.<<<<<< 


ഈ പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല. തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 

ചൈന ഒരു വര്‍ഷം മുന്നേ  ഇത് നിരോധിച്ചു. 

BEIJING - Chinese authorities have banned the production of two food additives commonly used to "bleach" flour, said the Ministry of Health Tuesday.
The two additives, benzoyl peroxide and calcium peroxide, were banned because "there is no need to use them in flour processing anymore" as the country's processing techniques and wheat planting had improved, the ministry said in a statement on its website.

ഇംഗ്ളണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരോധിച്ചു. 

Flour is no longer bleached in the UK. The bleaching of flour with benzoyl peroxide was permitted until 1997.
രാസവസ്തുക്കളുപയോഗിച്ച് ഗോതമ്പ് പൊടി ബ്ളീച്ച്  ചെയ്യുന്ന രീതി  യൂറോപ്യന്‍  യൂണിയന്‍ പൂര്‍ണ്ണമായും നിരോധിച്ചു.  ഈ വക കാര്യങ്ങളില്‍ യു എസ് എ ഒരു പടി പിന്നിലാണെന്നും. അമേരി ക്കയില്‍ പോലും ബ്ളീച്ച് ചെയ്ത ഗോതമ്പു പൊടിയുടെ പുറത്ത്  Bleached എന്നെഴുതി വയ്ക്കണമെന്ന നിയമമുണ്ട്. അതിന്റെ അര്‍ത്ഥം അവര്‍ ഇത് അത്ര സുരക്ഷിതമായി കരുതുന്നില്ല എന്നാണ്.  


ബ്ളീച്ച് ചെയ്ത ഗോതമ്പു പൊടി ഉപയോഗിച്ചു തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടിയന്തരമായ അവസ്ഥ ഇല്ല. പൂര്‍ണ്ണമായും സുരക്ഷിതമാണ്, ബ്ളീച്ചിംഗ് എന്ന് തെളിഞ്ഞിട്ടുമില്ല. അല്‍പ്പം രുചിക്കു വേണ്ടി ബ്ളീച്ച് ചെയ്ത പൊടി ഉപയോഗിക്കുന്നത് അരോഗ്യകരമല്ല എന്നു തന്നെയാണെന്റെ അഭിപ്രായം. അതിനെതിരെ പ്രകൃതിജീവനക്കാര്‍ ലഘുലേഖ ഇറക്കുന്നതിനെ കുറ്റം പറയാനും ആകില്ല. അവര്‍ എഴുതുന്ന എല്ലാറ്റിനോടും യോജിക്കാന്‍ ആകില്ലെങ്കിലും ചിലതിനോട് യോജിക്കേണ്ടതുണ്ട്. അതില്‍ ഓന്നാണ്, ബ്ളീച്ച് ചെയ്ത മൈദ ഉപയോഗിക്കുന്നത് ഹാനികരമാണ്, എന്ന നിലപാട്. മൈദയില്‍ പോക്ഷകാംശം കുറവാണെന്ന നിലപാടും ശരിയാണ്. മൈദക്കെതിരെ മാത്രമേ അവര്‍ നിലപാടെടുക്കുന്നുള്ളൂ. ഗോതമ്പ് മുഴുവനായും പൊടിച്ച ആട്ടക്കെതിരെ ഒന്നും പറയുന്നില്ല.


ബ്ളീച്ച് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ ഭൂരിഭാഗവും ആരോഗ്യത്തിനു ഹാനികരമാണ്. ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അലോക്സന്, പ്രമേഹരോഗവുമായി ബന്ധവും ഉണ്ട്. ഇതൊക്കെ അറിഞ്ഞു കൊണ്ട്, ഇങ്ങനെ ബ്ളീച്ച് ചെയ്ത മൈദ തന്നെ ഉപയോഗിക്കണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അതിലെ അപകട സാധ്യത ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ അവരോട് കയര്‍ക്കാതെ എങ്കിലും ഇരിക്കാന്‍ പാടില്ലേ?